Friday, January 2, 2009

എനിക്കും ബ്ലഡ്‌ കൊടുക്കണം

ബ്ലഡ്‌ കൊടുക്കാം എന്ന് തോന്നാന്‍ കാരണം, ഒരുപാടു ബ്ലഡ്‌ കൂടതലുണ്ട് (എല്ലല്ലേ എന്ന് അപവാദം പറയുന്നവര്‍ മിണ്ടാതിരിക്കുക) എന്റെ ശരീരത്തില്‍ എന്ന് തോന്നിട്ടൊന്നുമല്ല. ചുമ്മാ ഇരുന്നു ബ്ലോഗും വായിച്ചു കംപ്യുട്ടറിന്ടെ മുന്നില്‍ അന്തം വിട്ടിരുന്ന എന്നെയും, സമാനമായി ചിന്തിച്ചിരിക്കുന്ന മറ്റു പലരെയും കണ്ടപ്പോള്‍ കഞ്ഞിക്കുഴിക്കാരനായ സഹപ്രവര്‍ത്തകന് തോന്നിയ ഒരു തമാശ.

"അപ്പോളോയില്‍ ccu ല്‍ (ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് ) കിടക്കുന്ന ഒരു കിടാവിന് ആറു യൂനിറ്റ് ബ്ലഡ്‌ വേണം. ഈ ഹോസ്പിറ്റലില്‍ ഞാന്‍ മനസിലാക്കിയിടത്തോളം ബ്ലഡ്‌ ആവശ്യം വന്നാല്‍ കാശ് കൊടുത്തു വാങ്ങാന്‍ പറ്റില്ല. പക്ഷെ, എത്ര ബ്ലഡ്‌ വേണോ അത്രേം ബ്ലഡ്‌, ബ്ലഡ്‌ ബാന്കില്‍ പകരം വയ്ക്കണം. അതിപ്പോ എടുത്ത അതേ ഗ്രൂപ്പ് തന്നെ ആകണം എന്നൊന്നും ഇല്ല. അതായതു ഈ പയ്യന് ആറു യൂനിറ്റ് ബ്ലഡ്‌ വേണം, അപ്പൊ ഏതേലും ആറു പേര്‍ പോയി ബ്ലഡ്‌ കൊടുത്താല്‍ ആ പയ്യന്നു ആവശ്യമായ അത്രേം ബ്ലഡ്‌ ബാന്കില്‍ നിന്നു എടുക്കാന്‍ പറ്റും. (ശരിയാണോ ഈ വിവരം എന്ന് അറിയില്ല, അല്ലേല്‍ ആരേലും പറയണേ).

അപ്പൊ, ഓഫീസില്‍ നിന്നു ഞങ്ങള്‍ ആറു പേര്‍ കൂടി ഹോസ്പിറ്റലില്‍ പോയി. പോകുമ്പോ ആകെ ഒരു സംശയം ഉള്ളത് ആരേലും ഊതിയാല്‍ പറന്നു പോകുന്ന അത്രേം തടിയുള്ള പെന്കൊചിന്റെ കാര്യത്തില്‍ മാത്രമാണ്. ആകെ ഒരു യൂനിറ്റ് ബ്ലഡ്‌ മാത്രമെ ആ ശരീരത്തില്‍ കാണൂ, അത് ഊറ്റിയെടുക്കാന്‍ ആശുപത്രിക്കാര്‍ സമ്മതിക്കണം എന്നില്ലല്ലോ. കഞ്ഞികുഴിക്കാരന്റെ വാഗ്ദാനം ആറു യൂനിറ്റ് ആയതു കൊണ്ടു, സ്റ്റെപ്പിനി ബ്ലഡും ശരിയാക്കി വെച്ചു. ഈ തൊട്ടാല്‍ വീഴുന്ന തെലുന്കത്തി കൊച്ചിന്റെ കാര്യത്തില്‍ ഉറപ്പില്ലലോ.

അപ്പൊ സന്തോഷമായി (ഇല്ല, ഗോപിയേട്ടന്‍ ഇല്ല) ഞങ്ങള്‍ അവിടെ എത്തി. വലിയൊരു ഫോം തന്നു, അതില്‍ പേരും നാളും, മുട്ടേലിഴയുമ്പോ വന്ന അസുഖങ്ങളും റബ്ബറിന്നു തുരിശടിക്കുന്ന കാര്യവും വരെ എഴുതി ഒരു യൂനിറ്റ് ബ്ലഡ്‌ കളഞ്ഞു. ഇനിയിപ്പോ ഇവര്‍ക്കും കൂടി ഒരു യൂനിറ്റ് കൊടുക്കണ്ടേ എന്ന് വിചാരിച്ചിരുക്കുമ്പോ തൃക്കണിക്ക് വെക്കാന്‍ എന്റെ പേരു വിളിച്ചു. പാറു...

ദേ... വന്നു.

ഞാന്‍ പോയി. എന്നോട് വെയിറ്റ് നോക്കുന്ന കുന്തത്തിന്റെ മോളില്‍ കേറി നിക്കാന്‍ പറഞ്ഞു.

അയ്യോ കുട്ടിക്ക് ബ്ലഡ്‌ കൊടുക്കാന്‍ പറ്റില്ല, കുട്ടി അണ്ടര്‍ വെയിറ്റ് ആണ്.

ഇല്ല, സിസ്റ്റര്‍, എന്റെ ഉയരത്തിന്നു ഈ വെയിറ്റ് അണ്ടര്‍ അല്ല, നോര്‍മല്‍ ആണ്, എനിക്കും ബ്ലഡ്‌ കൊടുക്കണം എന്നോക്കെ ഞാന്‍ പറഞ്ഞു. പക്ഷെ സമ്മതിച്ചില്ല , ബ്ലഡ്‌ കൊടുക്കാന്‍ മിനിമം 55 കിലോ വേണമത്രേ.

തോല്‍ക്കും എന്ന് ഉറപ്പുള്ള (എനിക്ക് അത് കെമിസ്ട്രി ആണേ) പരീക്ഷ കഴിഞ്ഞു ഇറങ്ങി വരുമ്പോ നമുക്കു ഒരു സന്തോഷമൊക്കെ (സന്തോഷമല്ല, വേറെ എന്തോ ആണത്) തോന്നില്ലേ, അത് പോലെ ഒരു സാധനം എനിക്കും തോന്നി.

പിന്നെ ഉണ്ടായ ആകെ ഒരു സന്തോഷം എന്താന്ന് വെച്ചാല്‍, തെലുന്കത്തി ഉള്‍പ്പെടെ പോയ പെന്പിള്ളേര്‍ എല്ലാം ടെ, ടെ, ടെന്നും പറഞ്ഞു ഇറങ്ങി വന്നു എന്നത് മാത്രമാണ്.

വാല്കഷ്ണം: ബ്ലഡ്‌ കൊടുക്കണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നെന്കിലും അണ്ടര്‍വെയിറ്റ് എന്ന് കേട്ടതിനെക്കാള്‍ സങ്കടം വന്നത് ലന്ച്ച് കഴിക്കാന്‍ സബ് വേയില്‍ പോകാം എന്ന് ഏതോ സാമദ്രോഹി പറഞ്ഞപ്പോഴാണ്. രണ്ടു കഷ്ണം ബ്രെഡും, കുറച്ചു പച്ചക്കറിയും കഴിക്കുന്നതിന് ഞാന്‍ പത്തിരുനൂറു രൂപ കൊടുക്കേം വേണം, എന്നാല്‍ ഈ സാധനം എല്ലാ ദിവസം രാവിലെ വട്ടത്തിലും നീളത്തിലും ഒക്കെ അരിഞ്ഞും, അരിയാതെയും കഴിക്കുന്നതുമാണ്.

പറഞ്ഞിട്ടെന്താ, സബ് വേയില്‍ പോകാന്‍ യോഗമുള്ളത് ബ്ലഡ്‌ കൊടുക്കാത്ത കൊണ്ടു തീരില്ലല്ലോ.

No comments: