Friday, January 30, 2009

ബുദ്ധിജീവി

വായന എനിക്ക് ഹോബിയോ, ഹാബിറ്റോ ഒന്നുമല്ല (ഇതു പറഞ്ഞു വരുമ്പോ ഹാബിയോ, ഹോബിറ്റൊ എന്ന് മാറിപോകാറുന്ട്). വായിച്ചില്ലെന്കില്‍ പിന്നെ നിന്നെ എന്തിന്നു കൊള്ളും എന്ന മട്ടിലുള്ള ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍, വായിക്കുന്ന നി ഇവിടെ മലമറിചോണ്ട് ഇരിക്കയാണോ എന്ന് തിരിച്ച് ചോദിക്കാനും തോന്നിയിട്ടുന്ട്. (ചോദിക്കാറില്ല, പിന്നെ വായനേടെ മാഹാത്മ്യത്തെ കുറിച്ചും, ലവന്മാര്‍ ലോകത്തെ ഒറ്റനിമിഷം കൊണ്ട് നന്നാക്കിയതിനെകുറിച്ചുമൊക്കെ കേള്ക്കാന്‍ അത്ര ധൈര്യം പോര)
വായിക്കണം, വായിച്ചാലേ ബോധവും, ബുദ്ധിയും, വിവരവും ഒക്കെ ഉണ്ടാകൂ എന്ന കപടബുദ്ധിജീവിനാട്യം കാരണമാണ് പുസ്തകമൊന്നും വായിക്കില്ലെന്നും, ഇനിയഥവാ വായിച്ചു പോയാലും, ആ പുസ്തകത്തിന്റെ അമൂല്യതയെകുരിച്ചോ, അല്ലേല്‍ അത് വായിച്ചപ്പോള്‍ ഞാന്‍ എന്ന മഹതി (വായനശീലമുള്ളവര് മഹാന്‍മാരും, അതില്ലാത്തവര്‍ വെറും തറകളും ആണല്ലോ) അനുഭവിച്ച മാനസികസംഘര്ഷത്തെ കുറിച്ചോ, ഈ ജാതി ബുദ്ധിജീവികളോട് ഒരക്ഷരം മിണ്ടില്ല എന്ന നിലപാട് എടുത്തത്‌.
വായിച്ച് പണ്ടാരമടക്കുന്ന വായനക്കാരെക്കാള്‍ കാര്യഗൌരവം, മറ്റുള്ളവര്‍ക്ക് ഉണ്ട് എന്നും ഒരുപാടു വട്ടം തോന്നിയിട്ടുണ്ട്.
എന്ത് പറഞ്ഞാലും, മാര്‍കേസിന്റെ പുസ്തകത്തില്‍ നിന്നും ഉദാഹരിക്കുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു എനിക്ക്. ബുദ്ധിജീവി നാട്യം ഒന്നുമില്ല, എന്നാലും ഇന്നേ വരെ കേക്കാത്ത കുറെ ഫിലോസഫിയുമായി ഇറങ്ങുന്ന ടി ചേട്ടന്‍ (അതെ, മാതൃഭൂമി ആഴ്ചപതിപ്പ് വായിക്കുന്ന ഇടത്തരം ബുദ്ധിജീവി) ഉദാഹരിക്കാര് ആംഗലേയ എഴുത്തുകാരെയാണ്. പക്ഷെ, പെണ്‍കുട്ടികള്‍ ദേഹം മുഴുവന്‍ മൂടിപുതച്ചു നടക്കണമെന്നും, അങ്ങനെ നടക്കാത്തത് കൊണ്ടാണ് ലോകം ഇങ്ങനെയൊക്കെ ആയിപോയത്, എന്ന മട്ടിലുള്ള സദാചാരപ്രസംഗം കേട്ടപ്പോള്‍, വായിച്ചാലും ഇത്രയൊക്കെയേ ഉള്ളു, എന്ന് മനസിലായി.
പണ്ടു, ബുദ്ധിജീവി ചമഞ്ഞു നടന്നിരുന്ന ഒരു സുഹൃത്ത് പറഞ്ഞു "ബുദ്ധിജീവികളെ കൊണ്ടുള്ള ഉപകാരം ലോകം മനസിലാക്കാത്തതാണ്." രാത്രി, പകല്‍ എന്നില്ലാതെ കുറെ പുസ്തകം വായിച്ച് തള്ളുന്നവര്‍ ലോകം തലകുത്തി നിര്‍ത്തുന്ന കാര്യം ഓര്‍ത്തപ്പോ എനിക്ക് ചിരി പൊട്ടി.
ഒന്നു-രണ്ടു കൊല്ലം മുന്പ് വരെ ബുദ്ധിജീവി ഷെല്ലിനുള്ളില് അടയിരിക്കുന്നവരുമായി ചില്ലറ സൌഹ്രൃതമൊക്കെ ഉണ്ടായിരുന്നത് ഞാന്‍ വേണ്ടാന്ന് വെച്ചത് ഇതുങ്ങളുടെയോന്നും തലയില്‍ മൂളയില്ല എന്ന് മനസിലാക്കിയപ്പോഴാണ്.

തോന്ന്യാസം

രണ്ടു ദിവസം മുന്പ്, എന്റെ ഒരു സുഹൃത്ത് ഒരു മെയില് അയച്ചു. ഒരു ഫോര്‍വേഡ്, നമ്മുക്ക് എന്നും കിട്ടുന്ന ഫോര്‍വേഡുകള്‍ പോലെ സുഹൃത്ത് എന്നാല്‍ ആരാണ്, അമ്മയെ എങ്ങനെ ബഹുമാനിക്കാം, എന്ന പോലെ ഒരെണ്ണം.
ആ മെയിലില്‍ പക്ഷെ ഫോണ്ട് സൈസ് അന്യായമായിരുന്നു. വായിക്കുന്നവന്റെ കണ്ണടിച്ചു പോകുന്ന ജാതി വല്യ ഫോണ്ട്. എന്നാലും ശരി, ഇതു അയച്ചു തന്ന ആള്‍ക്ക് ആ മെയിലില്‍ മോട്ടിവേഷനല്‍ ആയി എന്തേലും ഉണ്ട് എന്ന് തോന്നിയത് കൊണ്ടായിരിക്കുമല്ലോ അത് കുത്തിപിടിച്ചിരുന്നു ഫോര്‍വേഡ് ചെയുന്നെ.
അത് കൊണ്ടു, അയച്ച തന്ന ആളുടെ സദുദ്ധേശത്തേ ബഹുമാനിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു, "നിനക്ക് ഈ സാധനം ഒന്നു ഫോണ്ട് സൈസ് കുറച്ച് അയച്ചൂടായിരുന്നൊ, വായിച്ച് എന്റെ കണ്ണടിച്ചു പോയി."
അതിന്നു കിട്ടിയ മറുപടി, അപാരം എന്നല്ല, ചില വളിപ്പ് മലയാളം സിനിമ പോലെ അത്യപാരം എന്ന് പറയണ്ടി വരും.
"ഞാന്‍ അയച്ച ആളോടുള്ള ദേഷ്യം തീര്ത്തതാ. എനിക്ക് ഇഷ്ടമല്ല ഇങ്ങനത്തെ ഫോര്‍വേഡ്. ഹൂപ്സ്...."
അപ്പൊ, ഇതു കുത്തിപിടിച്ചിരുന്നു വായിക്കയും, അയച്ച ആളിന്‍റെ ഉദ്ധേശത്തെ ബഹുമാനിക്കാന്‍ ശ്രമിക്കയും ചെയ്ത ഞാന്‍ ആരായി?

Thursday, January 22, 2009

ഒന്നാം രാഗം പാടി

കൈയില്ലാത്ത നീല കുര്‍ത്തയും, മഞ്ഞ പട്യാല പാന്റുമിട്ട അവളുടെ കൂടെ അവനും പാലാരിവട്ടത്തെ മ്യൂസിക് വേള്‍ഡില്‍ കേറി. ചുമ്മാ കുറെ കാസറ്റൊക്കെ കണ്ടും, കൊച്ചുവര്‍ത്തമാനം പറഞ്ഞും നടക്കുമ്പോള്‍, അവള്‍, വെള്ളയില്‍ നിറയെ വരകള്‍ ഉള്ള ഷര്‍ട്ട്‌ ഇട്ടു വന്ന അവനോടു പറഞ്ഞു, "എനിക്ക് വേണുഗോപാലിന്റെ ശബ്ദമാ ഏറ്റവും ഇഷ്ടം. "

'നല്ല കാര്യം', എന്ന മട്ടിലുള്ള അവന്റെ നില്പ് കാര്യമാക്കാതെ, അവള്‍ ഒരു രഹസ്യം പറയും പോലെ, എന്നാല്‍ തീരെ ശബ്ദം താഴ്ത്താതെ പറഞ്ഞു "വേണുഗോപാലിനെ കണ്ടാല്‍ എനിക്ക് ഒരു ഉമ്മ കൊടുക്കണം."

ഒരു നിമിഷ നേരത്തേക്ക് അവന്റെ മുഖം അവന്ടെ ഷര്‍ട്ടിന്റെ നിറമായി, പിന്നെ ചുണ്ടില്‍ വിടര്‍ന്ന ചെറുചിരിയോടെ ആ മുഖം വിവര്‍ണമായത് എന്ത് കൊണ്ടാണെന്നും അവന്‍ പറഞ്ഞു.

അവന് പാട്ട് പാടാന്‍ അറിയില്ലായിരുന്നു.

Friday, January 2, 2009

എനിക്കും ബ്ലഡ്‌ കൊടുക്കണം

ബ്ലഡ്‌ കൊടുക്കാം എന്ന് തോന്നാന്‍ കാരണം, ഒരുപാടു ബ്ലഡ്‌ കൂടതലുണ്ട് (എല്ലല്ലേ എന്ന് അപവാദം പറയുന്നവര്‍ മിണ്ടാതിരിക്കുക) എന്റെ ശരീരത്തില്‍ എന്ന് തോന്നിട്ടൊന്നുമല്ല. ചുമ്മാ ഇരുന്നു ബ്ലോഗും വായിച്ചു കംപ്യുട്ടറിന്ടെ മുന്നില്‍ അന്തം വിട്ടിരുന്ന എന്നെയും, സമാനമായി ചിന്തിച്ചിരിക്കുന്ന മറ്റു പലരെയും കണ്ടപ്പോള്‍ കഞ്ഞിക്കുഴിക്കാരനായ സഹപ്രവര്‍ത്തകന് തോന്നിയ ഒരു തമാശ.

"അപ്പോളോയില്‍ ccu ല്‍ (ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് ) കിടക്കുന്ന ഒരു കിടാവിന് ആറു യൂനിറ്റ് ബ്ലഡ്‌ വേണം. ഈ ഹോസ്പിറ്റലില്‍ ഞാന്‍ മനസിലാക്കിയിടത്തോളം ബ്ലഡ്‌ ആവശ്യം വന്നാല്‍ കാശ് കൊടുത്തു വാങ്ങാന്‍ പറ്റില്ല. പക്ഷെ, എത്ര ബ്ലഡ്‌ വേണോ അത്രേം ബ്ലഡ്‌, ബ്ലഡ്‌ ബാന്കില്‍ പകരം വയ്ക്കണം. അതിപ്പോ എടുത്ത അതേ ഗ്രൂപ്പ് തന്നെ ആകണം എന്നൊന്നും ഇല്ല. അതായതു ഈ പയ്യന് ആറു യൂനിറ്റ് ബ്ലഡ്‌ വേണം, അപ്പൊ ഏതേലും ആറു പേര്‍ പോയി ബ്ലഡ്‌ കൊടുത്താല്‍ ആ പയ്യന്നു ആവശ്യമായ അത്രേം ബ്ലഡ്‌ ബാന്കില്‍ നിന്നു എടുക്കാന്‍ പറ്റും. (ശരിയാണോ ഈ വിവരം എന്ന് അറിയില്ല, അല്ലേല്‍ ആരേലും പറയണേ).

അപ്പൊ, ഓഫീസില്‍ നിന്നു ഞങ്ങള്‍ ആറു പേര്‍ കൂടി ഹോസ്പിറ്റലില്‍ പോയി. പോകുമ്പോ ആകെ ഒരു സംശയം ഉള്ളത് ആരേലും ഊതിയാല്‍ പറന്നു പോകുന്ന അത്രേം തടിയുള്ള പെന്കൊചിന്റെ കാര്യത്തില്‍ മാത്രമാണ്. ആകെ ഒരു യൂനിറ്റ് ബ്ലഡ്‌ മാത്രമെ ആ ശരീരത്തില്‍ കാണൂ, അത് ഊറ്റിയെടുക്കാന്‍ ആശുപത്രിക്കാര്‍ സമ്മതിക്കണം എന്നില്ലല്ലോ. കഞ്ഞികുഴിക്കാരന്റെ വാഗ്ദാനം ആറു യൂനിറ്റ് ആയതു കൊണ്ടു, സ്റ്റെപ്പിനി ബ്ലഡും ശരിയാക്കി വെച്ചു. ഈ തൊട്ടാല്‍ വീഴുന്ന തെലുന്കത്തി കൊച്ചിന്റെ കാര്യത്തില്‍ ഉറപ്പില്ലലോ.

അപ്പൊ സന്തോഷമായി (ഇല്ല, ഗോപിയേട്ടന്‍ ഇല്ല) ഞങ്ങള്‍ അവിടെ എത്തി. വലിയൊരു ഫോം തന്നു, അതില്‍ പേരും നാളും, മുട്ടേലിഴയുമ്പോ വന്ന അസുഖങ്ങളും റബ്ബറിന്നു തുരിശടിക്കുന്ന കാര്യവും വരെ എഴുതി ഒരു യൂനിറ്റ് ബ്ലഡ്‌ കളഞ്ഞു. ഇനിയിപ്പോ ഇവര്‍ക്കും കൂടി ഒരു യൂനിറ്റ് കൊടുക്കണ്ടേ എന്ന് വിചാരിച്ചിരുക്കുമ്പോ തൃക്കണിക്ക് വെക്കാന്‍ എന്റെ പേരു വിളിച്ചു. പാറു...

ദേ... വന്നു.

ഞാന്‍ പോയി. എന്നോട് വെയിറ്റ് നോക്കുന്ന കുന്തത്തിന്റെ മോളില്‍ കേറി നിക്കാന്‍ പറഞ്ഞു.

അയ്യോ കുട്ടിക്ക് ബ്ലഡ്‌ കൊടുക്കാന്‍ പറ്റില്ല, കുട്ടി അണ്ടര്‍ വെയിറ്റ് ആണ്.

ഇല്ല, സിസ്റ്റര്‍, എന്റെ ഉയരത്തിന്നു ഈ വെയിറ്റ് അണ്ടര്‍ അല്ല, നോര്‍മല്‍ ആണ്, എനിക്കും ബ്ലഡ്‌ കൊടുക്കണം എന്നോക്കെ ഞാന്‍ പറഞ്ഞു. പക്ഷെ സമ്മതിച്ചില്ല , ബ്ലഡ്‌ കൊടുക്കാന്‍ മിനിമം 55 കിലോ വേണമത്രേ.

തോല്‍ക്കും എന്ന് ഉറപ്പുള്ള (എനിക്ക് അത് കെമിസ്ട്രി ആണേ) പരീക്ഷ കഴിഞ്ഞു ഇറങ്ങി വരുമ്പോ നമുക്കു ഒരു സന്തോഷമൊക്കെ (സന്തോഷമല്ല, വേറെ എന്തോ ആണത്) തോന്നില്ലേ, അത് പോലെ ഒരു സാധനം എനിക്കും തോന്നി.

പിന്നെ ഉണ്ടായ ആകെ ഒരു സന്തോഷം എന്താന്ന് വെച്ചാല്‍, തെലുന്കത്തി ഉള്‍പ്പെടെ പോയ പെന്പിള്ളേര്‍ എല്ലാം ടെ, ടെ, ടെന്നും പറഞ്ഞു ഇറങ്ങി വന്നു എന്നത് മാത്രമാണ്.

വാല്കഷ്ണം: ബ്ലഡ്‌ കൊടുക്കണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നെന്കിലും അണ്ടര്‍വെയിറ്റ് എന്ന് കേട്ടതിനെക്കാള്‍ സങ്കടം വന്നത് ലന്ച്ച് കഴിക്കാന്‍ സബ് വേയില്‍ പോകാം എന്ന് ഏതോ സാമദ്രോഹി പറഞ്ഞപ്പോഴാണ്. രണ്ടു കഷ്ണം ബ്രെഡും, കുറച്ചു പച്ചക്കറിയും കഴിക്കുന്നതിന് ഞാന്‍ പത്തിരുനൂറു രൂപ കൊടുക്കേം വേണം, എന്നാല്‍ ഈ സാധനം എല്ലാ ദിവസം രാവിലെ വട്ടത്തിലും നീളത്തിലും ഒക്കെ അരിഞ്ഞും, അരിയാതെയും കഴിക്കുന്നതുമാണ്.

പറഞ്ഞിട്ടെന്താ, സബ് വേയില്‍ പോകാന്‍ യോഗമുള്ളത് ബ്ലഡ്‌ കൊടുക്കാത്ത കൊണ്ടു തീരില്ലല്ലോ.