Sunday, February 1, 2009

മാമ്പഴകാലം

കാലം കുറെ പിന്നോട്ട് പോകട്ടെ, ങാ, പോട്ടെ, പോട്ടെ.
മതി മതി, ഇനിയും പോയാല്‍ ഞാന്‍ ഇഴഞ്ഞു നടക്കയായിരിക്കും.


ഞാന്‍ കോളേജ്കുമാരിയായി ഒരു വനിതാ കോളേജില്‍ അവിടത്തെ ആണ്തരികള്‍, ഫിസിക്സ് ലാബിലെ അലക്സേട്ടനേയും, സെക്യൂരിറ്റി ചേട്ടനായ, പേരറിയാത്ത ചേട്ടനെയും, വായിനോക്കി നടക്കുന്ന സമയം. കാന്റീനിലും രണ്ടു ചേട്ടന്മാര്‍ ഉണ്ടായിരുന്നു, ബട്ട്, വായിനോക്കാന്‍ പോയിട്ട് കണ്ടാല്‍ മിണ്ടാന്‍ തോന്നുന്ന അത്രേം ഗ്ലാമര്‍ പോലും ഇല്ലായിരുന്നു.

അപ്പൊ, കം ടു ദ പോയിന്റ്. ക്ലാസ്സ് മൊത്തം കൂട്ടാനും, കുറയ്ക്കാനുമൊക്കെ പഠിച്ചു കൂട്ടിയും, കുറച്ചും ജീവിക്കുന്നു. ഞാന്‍ ആണേല്‍, ആര്‍ട്സ് എന്നും പറഞ്ഞു പൈസ വാങ്ങിച്ചു അത് ഉപയോഗിക്കുനില്ല, സോണ്‍ ലെവലില്‍ ഗോമ്പറ്റീഷന് പോകാന്‍ കോളേജില്‍ നിന്നും അലവന്‍സ് ഇല്ല, ലൈബ്രറിയിലെ മലയാളം പുസ്തകം എടുക്കാന്‍ സമ്മതിക്കുന്നില്ല, എന്നൊക്കെ പറഞ്ഞു അലമ്പുണ്ടാക്കി നടക്കുന്നു.

കോളേജില് മൊത്തം നാല് ഗ്രൂപ്പ് ഉണ്ട്. ഇതില്‍ ഓരോ ഗ്രൂപ്പും വെള്ളിയാഴ്ച ഉച്ചക്ക് എന്തേലും ഒക്കെ പ്രോഗ്രാം അവതരിപ്പിക്കണം. അങനെ ഞങ്ങടെ മാവും പൂക്കാറായി.
ഞങ്ങള്‍ കണക്കുപിള്ളാസിന്റെ കൂടെ ഗ്രൂപ്പില്‍ ഉള്ളത് അതിഫീകരികളായ ആംഗലേയ സാഹിത്യ വിദ്യാര്ത്ഥിനികള്‍. (ലവരുടെ ഒപ്പം, ലേശം പിന്നിലായി ഞങ്ങള്‍ എന്ന് പറയുന്നതു സത്യം). പിന്നെ, ചുക്കിന്റെ കൂടെ ചുണ്ണാമ്പ് എന്ന പോലെ എക്ണോമിക്സുകാരും, കംപ്യുട്ടര്‍കാരും ഉണ്ട്. പക്ഷെ കൂട്ടത്തില്‍ ഭീകരികള്‍ ഞങ്ങള്‍ തന്നെയാണ്.

പബ്ലിസിറ്റി തീരെ ഇഷ്ടമല്ലാത്ത കൊണ്ട് (അതിന്റെയാവശ്യവും ഞങ്ങള്‍ക്കില്ല, ഹല്ല പിന്നെ), ഈ ഗ്രൂപ്പ് നയിക്കാനുള്ള കസേര ഞങ്ങള്‍ കണക്കികള്‍ സാഹിത്യകാരികള്‍ക്ക് കൊടുത്തു. മാവ് പൂക്കേണ്ട ദിവസം ആകാറായപ്പോള്‍, ഈ ചട്ടമ്പി കൊച്ച് (ഇല്ല, ദുരുദ്ധേശം തീരെയില്ല, ലീഡര്‍ എന്ന് മാത്രമെ ഉദ്ധേശിച്ചുള്ളു) എഡിയാസിന് വേണ്ടി ഞങ്ങളുടെ അടുത്ത് വന്നു. ഞങ്ങള്‍ കുറെ ഐഡിയ എടുത്തു കൂട്ടിയും കുറച്ചും ഇരിക്കുമ്പോള്‍, തനി ചട്ടമ്പിത്തരം കാണിച്ച് ലവള്‍ പറഞ്ഞു കണക്കുകാര്‍ എന്തേലും ചെയ്തേ പറ്റു.

പിന്നെ, ഐഡിയാസ് ഞങ്ങടെ കണക്കിലും പൂക്കും എന്ന് കാണിച്ചു ശല്യം ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. "ഒരു നിഴല്നാടകം ചെയ്തല്ലോ, വെറൈറ്റി ആകും. ഈ രണ്ടു കൊല്ലവും ഇതു പോലെ ഒന്നും ഇവിടെ കണ്ടിട്ടില്ലാലോ"

"ഒകെ, ഒകെ, മാത്സിന്റെ വക നിഴല്‍ നാടകം. പാറു ആന്‍ഡ് ടീം" എന്നും പറഞ്ഞു ആ കൊച്ചു കൂളായി നടന്നു പോയി. ഐഡിയ പറഞ്ഞു കൊടുത്താല്‍ പോകുമല്ലോ പണ്ടാരം, എന്ന് വിചാരിച്ച ഞാന്‍ ശശിയായി.

എന്നാ പിന്നെ, നിഴല്‍ നാടകം കളിച്ചു നോക്കാം എന്ന് പാറുവും കൂട്ടുകാരും അവിടെ വെച്ച് കൈ അടിച്ച് തീരുമാനിച്ചു. പണ്ടെങ്ങോ മാതൃഭൂമി ആഴ്ചപതിപ്പില്‍ മാമ്പഴം കവിത നിഴല്‍ നാടകം കളിച്ചതിനെ പറ്റി വായിച്ച ഓര്‍മയില്‍, ആ കവിത തന്നെ നാടകത്തിനു എടുക്കാം എന്ന് തീരുമാനിച്ചു. സംഭവം നാടകമോന്നുമല്ല, കവിത കവിതയായി തന്നെ ചൊല്ലി തള്ളയും പിള്ളയും ഒരു മുണ്ടിന്റെ പിന്നില്‍ നിന്നു ആംഗ്യാഭിനയം നടത്തും.

ക്ലാസ്സിലെ ഏറ്റവും നീളം കൂടിയ കണക്കുപിള്ളയെ തള്ളയാക്കി. നീളം കൊണ്ടും സ്വഭാവം കൊണ്ടും വെറും പിള്ളയായ, വേറൊരു കണക്കപിള്ളയെ പിള്ളയുമാക്കി. ക്ലാസില്‍ മുണ്ട് ഉടുക്കുന്ന അച്ച്ചനുള്ള കൊച്ചിന്റെ വീട്ടില്‍ നിന്നും രണ്ട് ഡബിള്‍ മുണ്ടും എടുപ്പിച്ചു.

ടോര്‍ച്ചും എമര്‍ജന്‍സി ലൈറ്റും വെച്ച് മുണ്ടിന്റെ പിന്നില്‍ നിന്നു പരീക്ഷണം തുടങ്ങി. എമര്‍ജന്‍സി വിജയിക്കില്ല എന്നുറപ്പായി, ടോര്‍ച്ച് കൊള്ളാമെങ്കിലും അങ്ങട് വെടിപ്പാകുന്നില്ല. പിന്നെ ഒരു ടേബിള്‍ ലാമ്പ് സംഘടിപ്പിച്ചു, അപ്പൊ കൊള്ളാം, എല്ലാം ശുഭം.

തകര്‍പ്പന്‍ പ്രാക്ടീസ് തുടങ്ങി. മാങ്ങാക്കാലമല്ലാത്തതിനാല്‍ മാങ്ങാ കിട്ടാന്‍ വകുപ്പില്ല. ആ സമയത്ത് ഒരു മാന്ഗോ ഡ്രിങ്ക് മാങ്ങേടെ ഷേയ്പ്പില്‍ ഉള്ള പാത്രത്തിലാണ് ഇറക്കിയിരുന്നത്. നിഴല്‍ മാത്രമല്ലെ കാണൂ, അപ്പൊ അത് ധാരാളം മതി.

ഇന്നേ വരെ സ്റ്റേജ് പോലും കണ്ടിട്ടില്ലാത്തവര്‍ ആണ് മുണ്ടിന്റെ പിന്നില്‍ നിന്നു വികാരതീവ്രമായി അഭിനയിക്കാന്‍ പോകുന്നെ, അവരുടെ മുഖം ആരും കാണില്ല എന്നത് ഒരു സമാധാനം (അവരുടെയും, ഞങ്ങളുടെയും, കാണുന്നവരുടേയും).

സത്യം പറഞ്ഞാല്‍, ഇതു സ്റ്റേജില്‍ കേറുമ്പോ എന്താകും എന്ന കാര്യത്തില്‍ ഞങ്ങള്ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആകെ ഉള്ള ഒരു ശന്ക, ഇത് കുളമാകുമോ, അതോ ചളകുളമാകുമോ എന്ന് മാത്രമാണ്.

ആ വെള്ളിയാഴ്ച ഉച്ചയും സാധാരണ പോലെ വന്നു, ഞങ്ങള്‍ അസാധാരണമായി വിയര്‍ക്കാനും, പരിപാടി കഴിഞ്ഞാല്‍ കോളേജില്‍ നിന്നു ഏതെല്ലാം വഴികളിലൂടെ പുറത്തേക്ക് കടക്കാം, ഒരാഴ്ച ലീവ് പറയാന്‍ വയറിളക്കം നല്ല കാരണമാണോ എന്നൊക്കെ ആലോചിക്കാനും തുടങ്ങി.

ഈ നാടകത്തില്‍, സോറി, കവിത-നിഴല്‍ ആവിഷ്കരണത്തില്‍ ആദ്യത്തെ രണ്ടു വരി "അന്കണതൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ, അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചൂടുകണ്ണീര്‍" - ഈ വരികള്‍ക്ക് അമ്മ മുണ്ടിന്റെ പിന്നില്‍ വരില്ല, പകരം, തലേന്ന് ഞങ്ങള്‍ കോളേജില്‍ നിന്നു മോഷ്ടിച്ച രണ്ടു-മൂന്ന് മാവിന്റെ കമ്പ് കൊണ്ട് ഉണ്ടാക്കിയ, സ്പെഷ്യല്‍ മാവിന്റെ നിഴല്‍ മാത്രം കാണിക്കും. ഗായികമോള്‍ ഇതു വലിച്ചു നീട്ടി ചൊല്ലി തീരുന്ന വരെ കാണികള്‍ ഈ നിഴല്‍ മാത്രം കണ്ടിരിക്കണം. എന്തും പ്രതീക്ഷിച്ച്, ലോഡ്സ് ആന്‍ഡ് ലോഡ്സ് ഓഫ് ദൈവങ്ങളെ വിളിച്ച് ഞങ്ങള്‍ സ്റ്റേജില്‍ കേറി.

എന്താ സംഭവിച്ചത് എന്ന് എനിക്ക് ഇപ്പഴും അറിയില്ല, ഈ രണ്ടു വരികള്‍ക്ക് വെറും ഉടായിപ്പ് മാവ് കാണിച്ചതിനു തന്നെ ഓഡിറ്റോറ്യത്തില്‍ നിന്നു ഗംഭീര കൈയടി. തള്ള-പിള്ള ടീം മൊത്തം അവിശ്വസനീയതയോടെ എന്നെ നോക്കി, അതിലേറെ അവിശ്വസനീയതയോടെ ഞാന്‍ അവരെ നോക്കി.

ആവിഷ്കരിച്ച്, ആവിഷ്കരിച്ച് അവസാന സീനുകളില്‍, പ്രതേകിച്ച് അമ്മ കൊച്ചിന്റെ കുഴിമാടത്തില്‍ മാങ്ങാ കൊടുക്കുന്ന ഭാഗത്തൊക്കെ ആരൊക്കെയോ കരഞ്ഞെന്നും, അതിഗംഭീരമായിരുന്നു ഈ ആവിഷ്കരണമെന്നുമൊക്കെ പിന്നെ ഫീട്ബാക് കിട്ടി. ഹ ഹ ആനന്ദലബ്ദിക്കിനിയെന്തു വേണ്ടൂ.

അങ്ങനെ ഞങ്ങടെ മാവ് പൂത്ത കഥ പറയാനല്ല ഈ പോസ്റ്റ്. ഈ മാമ്പഴത്തില്‍ ലാസ്റ്റ് രണ്ടു - മൂന്ന് വരികള്‍ ഉണ്ട് "ഒരു തൈകുളിര്‍ കാറ്റായ് അരികത്തണഞ്ഞപ്പോള്‍ അരുമകുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു".

ആ ഒണക്ക കോളേജില്‍, ഒണക്ക ഓടിറ്റോറിയത്തില്‍ കാറ്റിനെ എങ്ങനെ വരുത്തും. ക്ലാസ്സിലെ കുട്ടി അവളുടെ കാറിലെ ഫാന്‍ എടുത്തോണ്ട് വരാം എന്ന് പറഞ്ഞു. ഫാന്‍, വന്നു. ഞങ്ങള്‍ അത് നേരെ പ്ലഗില്‍ കുത്തി, ഏ.സി-ഡി.സി എന്നൊക്കെ കേട്ടിടുണ്ട് എന്നല്ലാതെ
അതൊക്കെ എന്താന്ന് ശരിക്കും മനസിലായി, ഒരു ഗരിഞ്ഞ മണം വന്നപ്പോള്‍.

പിന്നെ, ഡാഡ്ശ്രി പെന്‍ഷന്‍ വാങ്ങുമ്പോള്‍ കൈമടക്ക് തരാറുള്ള നൂറ് രൂപയും, മാമ്പഴത്തിലെ തള്ള-പിള്ള ഗ്രൂപ്പിന്റെ കൈയയഞ്ഞ സഹായവും കൊണ്ട് ആ കൊച്ചിന് വേറെ ഫാന്‍ വാങ്ങി കൊടുത്തു.

ഇതു പ്രാക്ടീസ് നടക്കുമ്പോ പറ്റിയ അക്കിടി. സ്റ്റേജില്‍ എന്ത് ചെയും? അമ്മ വേഷം ചെയുന്ന കൊച്ച് മുടിയഴിച്ചിടും, കുറച്ചു ദൂരെ മാറി നിന്നു ഒരു കാര്‍ഡ്ബോര്‍ഡ് കൊണ്ട് വീശി കാറ്റ് വരുത്തും. ദാറ്റ്സ് ആള്‍. അങ്ങനെ ഞങ്ങള്‍ പ്ലാന്‍ ചെയ്തു.

ബട്ട്, കാണികളുടെ കൈയടി കാരണം കണ്ണ് മഞ്ഞളിച്ചു പോയ ഞാനും ബാക്കിയുള്ളവരും കാര്‍ഡ്ബോര്‍ഡ് വീശാന്‍ മറന്നു പോയി, ഇതു കണ്ട വേറെ ഒരു കൊച്ച് വേഗം കാര്‍ഡ്ബോര്‍ഡ് എടുത്തു കൊണ്ടു വന്നു തകര്‍പ്പന്‍ വീശല്‍. പക്ഷെ, അവള്‍ നിന്നത് കറക്റ്റ് ആയി അമ്മേടെ പിന്നില്‍, കാണുന്നവര്‍ വിചാരിച്ചു ഈ കൊച്ച് അമ്മയെ അടിക്കയാണെന്ന്.

പിന്നെ, ഒരു വനിതാ കൊളേജിന്റെ മിനിമം കാര്യബോധം വെച്ച് ആരും അത് മൈന്‍ഡ് ചെയ്തില്ല.

ഒരു ചോദ്യം, ഒരു ഉത്തരം

കുണ്ടുണി മാരാര് ചെണ്ടയെടുത്തു
ചെണ്ടതന്‍ മണ്ടക്ക് രണ്ടു കൊടുത്തു
ടിണ്ടകം, ടിണ്ടകം, ചെണ്ട കരഞ്ഞു
മണ്ടന്റെ മാതിരി ചെണ്ട പിടഞ്ഞു
ചെണ്ടയ്ക്ക് നിത്യവും മണ്ടക്ക് കൊട്ട്
കുണ്ടുണ്ണി മാരാര്ക്ക് നോട്ടിന്റെ കെട്ട്
ഈ പദ്യം ഞാന്‍ യു.കെ.ജി യില്‍ പഠിക്കുമ്പോ പഠിച്ചതാ. പക്ഷെ, ഇടക്കാലത്ത് മറന്നു പോയി, അപ്പൊ മൂത്ത പാറു ഓര്‍മിപിച്ചു, പിന്നെ ഇതു വരെ മറന്നില്ല.
ഇതേ പോലെ മറക്കാത്ത ഒരെണ്ണം,
Good night, Sweet dreams
Wake up bright, in the morning light
To do what is right, with all its might
ഇതും പഠിച്ചത് യു.കെ.ജിയില്‍ തന്നെയാണെന്ന് മൂത്ത പാറു പറയുന്നു.
ഇത്ര കാലം പഠിച്ചിട്ടും ഓര്‍മയുള്ള കവിതകള്‍ ഇതൊക്കെ തന്നെയാണ്. പിന്നെ ഒന്നും പഠിക്കാത്ത കൊണ്ടല്ലേ എന്നോ, എങ്ങനെ മനസ്സിലായി, എന്നെ നേരത്തെ അറിയാമോ?
പിന്നെ നടന്ന അതിഭയങ്കരമായ കാര്യം എന്താന്ന് വെച്ചാല്‍, സുഗതകുമാരിടെ രാത്രിമഴ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ (അല്ലേല്‍ അതിനും മുന്പേ) പഠിച്ചിരുന്നു. അതിന്റെ ക്രെടിറ്റും മൂത്ത പാറൂന് തന്നെയാ. അപ്പൊ, മൂ.പാ പത്താം ക്ലാസ്സില്‍ പഠിക്കയാ. ചേച്ചി ഈ കവിത ചൊല്ലുന്ന കേട്ട്, കേട്ട് ഞാന്‍ അത് അബദ്ധത്തില്‍ പഠിച്ചു പോയി.
എന്തായാലും അത് വേസ്റ്റ് ആയില്ല. ഞാന്‍ പത്തില്‍ എത്തിയപ്പോഴും മലയാളം പുസ്തകം മാറിയില്ല. (ഇടക്ക് മാറിയെന്നും, പിന്നെ വീണ്ടും റോട്ടേറ്റ് ചെയ്തു ഈ പുസ്തകം വന്നതാണെന്നും പിന്നെയാരോ പറഞ്ഞു. )
അതെ പോലെ, കുഞ്ഞു മനസ്സില്‍ അര്ത്ഥമറിയാതെ കേറിയ വേറെ ഒരു കവിത
കാന്താ, കഴുത്തു നീട്ടുന്നു ഞാന്‍ താലിയാല്‍
ലെന്നെ ബന്ധിച്ചു കൊള്‍ക
സ്ത്രീത്വം പുതപിച്ചു വെയ്ക്കാമിനിയെന്റെ
നാഥാ തരൂ മന്ത്രകോടി
തേര് തെളിക്കുക്ക നിന്‍
രഥച്ചക്രത്തിലെന്‍ വിരല്‍ ആണിയാക്കീടാം
അന്തിയില്‍ നിന്റെ വിഴുപ്പുകളത്രയും
എന്തിനൊ വേണ്ടി ചുമക്കാം
പിന്നെ, ഞാന്‍ നിന്റെ കിടാങ്ങളെ പാലൂട്ടി
നിന്നോളമാക്കി വളര്‍ത്താം......
ഇത്രയും വരികളെ എനിക്ക് ഓര്‍മയുള്ളൂ. ഇപ്പഴും എന്റെ വാദം, 92-94 കലഘട്ടത്തില്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്നതാണ് ഈ കവിത എന്നാണ്. അപ്പൊ ഞാന്‍ വെറും എല്‍.പി വിദ്യാര്‍ത്ഥിനി.
ഇതും ഓര്‍മ വയ്ക്കാന്‍ കാരണം മൂത്തപാറു ആണെന്ന് പറഞ്ഞു, വീണ്ടും, വീണ്ടും, ക്രെടിറ്റുകല്‍ കൊടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പഴും പാറു എന്ന എനിക്കും, മൂത്ത പാറുവിനും ഇതാര്‍ എഴുതി എന്ന കാര്യത്തില്‍ മാത്രം നോ ക്ലൂ.
ബാലപംക്തിയില്‍ വന്നതാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍കുമ്പോള്‍, മൂത്ത പാറു, ഏതോ പ്രമുഘനായ ആളാണിതെഴുതിയതെന്ന് ആണയിടുന്നു. ആര്‍ക്കെന്കിലും അറിയുമെങ്കില്‍ പറയൂ, ഈ കവിത മുഴുവന്‍ അറിയാമെന്കില്‍ അതും പറഞ്ഞു തരൂ.