Saturday, December 13, 2008

സെല്‍ വിനകള്‍

ആറ്റുനോറ്റാണ് പുതിയ ഒരു സെല്‍ വാങ്ങിയത്. സോണിയുടെ സെല്‍ വാങ്ങുന്നതിനു മുന്പ് ഒരു പതിനായിരം വട്ടം ആലോചിച്ചു. വേണോ, വേണ്ടയോ, വേണോ, വേണ്ടയോ?

കാശൊക്കെ കൂട്ടി വെച്ചിട്ട് എന്തിനാ, ഇപ്പഴല്ലേ ഇതൊക്കെ പറ്റൂ എന്ന ഫിലോസിഫിക്കല്‍ ചിന്തയിലൂന്നി അവസാനം ഞാന്‍ ആ കൊടുംപാതകം ചെയ്തു.

ബട്ട്, ആദ്യത്തെ അഞ്ചാറ് മാസം സെല്‍ യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല. നല്ല അനുസരണയുള്ള കോണ്‍വെന്റ് കുട്ടികളെ :-) പോലെ ഞാന്‍ പറയുന്നതെല്ലാം അനുസരിച്ചും, കുറെ ഫോട്ടോ എടുത്തും, പാട്ടൊക്കെ കേട്ടും ഞങ്ങള്‍ അങ്ങനെ സ്വസ്ഥമായി ജീവിച്ചു പോകയായിരുന്നു. ഒരു അഞ്ചു മാസം കഴിഞ്ഞപ്പോ അവനും ഒരു അസ്കിത. 2 GB മെമ്മറി ഉണ്ടായിട്ടും, അതില്‍ മുക്കാലും ചുമ്മാ കിടക്കയാണെന്ന് അറിഞ്ഞിട്ടും, മെമ്മറി പോര പോര എന്ന് പറഞ്ഞു എന്റെ സമാധാനം കിടത്താന്‍ തുടങ്ങി. ഇടക്ക് ചോദിക്കാതേം പറയാതെയും സ്വിച്ച് ഓഫ് ആകുന്നു. ഒരു ദിവസം ചാര്‍ജ് ചെയ്തോണ്ടിരിക്കുമ്പോള്‍ പെട്ടന്ന് സ്വിച്ച് ഓഫ് ആയി പോയി. വേഗം ഒരു കാക്കകുളി കുളിച്ച് സെല്ലുമെടുത്തു Mobile Storesil പോയി. അവര്‍ പറഞ്ഞു, സോണിടെ സര്‍വ്വീസ് സെന്റ്ററില്‍ കൊണ്ടു കൊടുക്കാന്‍.

ട്ടുച്ചക്ക് ജെമിനിയില്‍ നിന്നു ടി നഗര്‍ എത്തിയപ്പോഴേക്കും ഞാന്‍ ഒരു പരുവമായി. സര്‍വ്വീസ് സെന്റ്ററില്‍ എത്തിയപ്പോള്‍ ഒരു കാര്യം മനസിലായി. ശനിയാഴ്ചകളില്‍ ചെന്നൈയില്‍ ഉള്ളവര്‍ എവിടാ പോകുന്നെ എന്ന്. എല്ലാരും കൂടി ഓട്ടോവും, കാറും പിടിച്ചു sony ericsson ന്റെ authorised service centre ലാണ് വരുന്നത്.
എന്താ തിരക്ക്. സാക്ഷാല്‍ പരക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ പൂരം ദിവസം പോലും ഞാന്‍ ഇത്രേം തിരക്ക് കണ്ടിട്ടില്ല. കുമ്പസാരക്കൂടിന്റെ അത്രേം മാത്രം വലിപ്പമുള്ള ആ കൊച്ചു മുറിയില്‍ കേറി ഏകദേശം പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ശ്വാസം കിട്ടി. ഇത്രേം പേര്‍ക്ക് ഓക്സിജന്‍ വേണ്ടതല്ലേ, കുറച്ചു സമയം എടുക്കും.
പിന്നെ, ഞാന്‍ 'ഇപ്പൊ എന്റെ നമ്പറും വരും, വരും,' എന്നും പറഞ്ഞു ഒരു 2-3 മണികൂര്‍ ഇരുന്നു. അവസാനം, എന്റെ നമ്പര്‍ വന്നു. സെല്‍ വാങ്ങി അവര്‍ പിടിച്ചും, മണത്തും രുചിച്ചും നോക്കി. ചാര്‍ജ് ചെയ്തു നോക്കി. കിം രക്ഷ. ചത്തവന്‍ ചത്തവന്‍ തന്നെ. മദര്‍ ബോര്‍ഡ് കമ്പ്ലൈന്റ് ആണ്, 10-15 ദിവസം കഴിഞ്ഞു തരം എന്ന് എന്തോ ഔദാര്യം ചെയ്യും പോലെ പറഞ്ഞു.
എന്റെ റ്റെമ്പര്‍ അവിടന്ന് തന്നെ തെറ്റി. പിന്നെ, ആ ആള്‍ക്കൂട്ടത്തിന്റെ നടുക്ക് കേറി ഞാന്‍ എത്ര ഉറക്കെ ചീത്ത പറഞ്ഞാലും ഒന്നും കേള്‍ക്കില്ല.

എന്തായാലും, മറ്റൊരു വഴക്ക് കൂടല്‍ യജ്ഞതിന്നു കേളികൊട്ടി. വെറും 5 മാസം മുന്പ് വാങ്ങിയ സെല്ലിന് മദര്‍ ബോര്‍ഡ് കമ്പ്ലൈന്റ് എന്ന് പറഞ്ഞാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ എന്റെ തലയില്‍ എന്താ കളിമണ്ണാണോ? എന്തായാലും, ഗ്യരന്ടീ ടൈം കഴിഞ്ഞിട്ടില്ലാത്ത കൊണ്ടു ഫ്രീയായി ശരിയാക്കി തരം എന്നും, മദര്‍ ബോര്‍ഡ് കമ്പ്ലൈന്റ് ആണ്ണെന്നു ഉറപ്പായാല്‍ സെല്‍ മാറ്റി തരാം എന്നൊക്കെ അവര്‍ പറഞ്ഞു.

ഇത് സത്യം, പിന്നെ നടന്നതെല്ലാം, സോണി എറിക്സണ്‍ കമ്പനിക്കാരെ വെടി വെച്ചു കൊല്ലാന്‍ തോന്നുന്ന കാര്യങ്ങള്‍. എല്ലാ ദിവസവും ഞാന്‍ അവരെ വിളിക്കും, സ്ഥിരം മറുപടി "10-15 days എടുക്കും മാഡം" ഒരു ഗതിയും പരഗതിയും ഇല്ലാതെ വലയുന്ന ഞാന്‍ പിന്നെ വിളി നിര്‍ത്തി, സമയം കിട്ടുന്നതിനനുസരിച്ച് അവരുടെ സര്‍വീസ് സെന്റെറില്‍ പോകാന്‍ തുടങ്ങി. ഞാന്‍ എന്തോ ഇരക്കാന്‍ ചെന്ന പോലാണ് അവരുടെ ഭാവം, പിന്നെ ഒരു നിവൃത്തിയുമില്ലാതെ, ഞാന്‍ പോകുന്ന എല്ലാ ദിവസവും, അവിടെ ചെന്നിരുന്നു എന്ന കാര്യം ആ കോമ്പ്ലെക്സില്‍ ഉള്ള എല്ലാ കടക്കരെയും അറിയിച്ചു പോന്നു. എന്നെ അവിടുന്ന് എടുത്തു പുറത്തു കളയാന്‍ അവര്‍ പോലീസ് സഹായം തേടിയേക്കും എന്ന ലെവലില്‍ എത്തി കാര്യങ്ങള്‍.

ചുമ്മാതൊന്നുമല്ല പ്രശ്നമുന്ടാക്കിയേ, കാശ് പോയവനേ അതിന്റെ ദെണ്ണം അറിയൂ, അല്ലേല്‍ മര്യദലെവെലില് ഇടപെടുകയെന്കിലും വേണം.

സോണിടെ വെബ്സൈറ്റിലും കേറി കംപ്ലന്റ്റ് കൊടുത്തു. അവരും പറയാണ്‌, 10-15 ദിവസം എടുക്കും എന്ന്. ഇതെന്താ വെള്ളരിക്കപട്ടണമോ?

സെല്‍ എടുത്തു വെള്ളത്തില്‍ ഇടുകയോ, നാലഞ്ച് വട്ടം തഴോട്ട്‌ ഇടുകയോ ഒക്കെ ചെയ്തട്ടുന്ടേല്‍ ഇവര്‍ പറയുന്ന പോക്രിത്തരം മുഴുവന്‍ 'ഏശ്മ, ഏശ്മ' എന്നും പറഞ്ഞു ഞാന്‍ കേട്ടേന്നേ. തലയില്‍ വെച്ചാല്‍ പേനരിക്കും, താഴത്ത് വെച്ചാല്‍ ആരേലും ചവുട്ടിക്കൂട്ടും എന്ന് പറഞ്ഞു കൊണ്ടു നടന്ന സാധനമാ കമ്പനിക്കാരുടെ പിടിപ്പ്കേട് കൊണ്ടു കേടുവന്നു കിടക്കുന്നെ. കമ്പനിക്കാരുടെ ടോള്‍ ഫ്രീ നംപറിലോട്ടും വിളിച്ചു, അത് വെറും പ്രഹസനം, അല്ലേല്‍ അതിലും പരം.

അവിടെ കാള്‍ എടുക്കുന്ന കുരങ്ങന്മാര്ര്‍ക്ക് ഒരു ചുക്കും ചുണ്ണാപും അറിയില്ല. സെല്‍ എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് അറിയുമോ എന്ന് പോലും സംശയിക്കണം, പിന്നാ മദര്‍ ബോര്‍ഡ്, എന്റെ അമ്മക്ക് അസുഖം ആയിട്ട് വിളിക്കുവന്നു വിചാരിക്കും.

പിന്നെ ഏക രക്ഷ, ഈ സര്‍വീസ് സെന്റര്‍കാരെ വിളിച്ചു ചീത്ത പറയുക എന്നത് മാത്രമാണ്. അപ്പൊ അവര്‍ പറയുന്നു, മദര്‍ ബോര്‍ഡ് സ്റ്റോക്ക് ഇല്ലെന്ന്, സ്റ്റോക്ക് ഇല്ലേല്‍ ഞാന്‍ എന്ത് പിഴച്ചു? ദിവസവും സെല്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ മദര്‍ ബോര്‍ഡ് സ്റ്റോക്ക് ഇല്ലെന്നു പറഞ്ഞു കൈയൊഴിയുന്നതു നമ്മളെ ആക്കുന്ന പോലെ അല്ലെ?

ഇവരെ ചീത്ത പറയുന്നതിനൊപ്പം വേറെ വഴിക്ക് ഇമെയില്‍ അയക്കലും നടക്കുണ്ടായിരുന്നു. അരിയെത്ര എന്ന് ചോദിക്കുമ്പോ പയറഞാഴി എന്ന് പറയുന്ന പോലെയാണ് അവരുടെ ഉത്തരങ്ങള്‍. മദര്‍ ബോര്‍ഡ് എപ്പോ സ്റ്റോക്ക് ഉണ്ടാവും എന്ന് ചോദിച്ചാല്‍, നിങ്ങളുടെ ദുഃഖത്തില്‍ ഞങ്ങള്‍ പന്കുചെരുന്നു എന്ന് പറയും.

എന്നിട്ടും എന്റെ ക്ഷിപ്രകോപം (ചുമ്മാ ജാടയ്ക്കു) ഒരു മാസം മാറ്റിവെച്ചു അവര്ക്ക് മെയില് അയച്ചു. ഒന്നുകില്‍ സെല്‍ മാറ്റി തരുക, അല്ലേല്‍ കാശു തരുക, ഈ രണ്ടുമല്ലാതെ എന്റെ സെല്‍ പൊളിച്ചു മാറ്റി വേറെ മദര്‍ ബോര്‍ഡ് വെച്ചു തന്നാല്‍ അതും കൊണ്ടു കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പോകും എന്നെല്ലാം വെല്ലു വിളിച്ചിട്ടും നോ രക്ഷ.

നമ്മള്‍ അന്യായ ചീത്ത പറഞ്ഞയക്കുന്ന മെയിലിന്റെ റിപ്ല്യ്‌ വായിച്ചാല്‍ അവാര്‍ഡ് സിനിമ ഉണ്ടാക്കുന്നവരാണോ സോണിടെ ഓഫീസില്‍ ഇരിക്കുന്നെ എന്ന് തോന്നും.

ഒരു സാമ്പിള്‍. Sony Ericsson is a customer driven organization, committed to delight the customers. We make a conscious effort to meet our consumer’s expectations. I would like to assure you that our endeavor is to provide you quality service and your feedback will help us in improving our service further.

എല്ലാത്തിനും ഒരു അവസാനം വേണമല്ലോ. ഒരു മാസത്തെ ചീത്ത വിളിക്കും, കണ്‍സ്യൂമര്‍ കോര്‍ട്ട്, പ്രസ്, പത്രം, നാറ്റിക്കും തുടങ്ങിയ സ്റ്റാന്ഡേര്ഡ്, തറ ചീത്തപറച്ചിലുകള്‍ക്കും ശേഷം ആ ദുഷ്ടപിശാച്ചുക്കള്‍ സെല്‍ തിരിച്ചു തന്നു, പുതിയത് ഒന്നും അല്ല, പഴയത് തന്നെ.

ഇതിനിടെ, പുതിയത് തന്നില്ലേല്‍, കോടതിയെ ഇവിടെ കൊണ്ടു വരും തുടങ്ങിയ വാചകകസര്‍ത്ത് കേട്ടിട്ടാണോ അതോ എന്റെ ശല്യം സഹിക്കാതെ, 'എവിടെയേലും പോയി തുലയട്ടെ' എന്ന് വിചാരിച്ചട്ടാണോ എന്നറിയില്ല, പുതിയ സെല്‍ തരാം എന്നൊരു വാഗ്ദാനം ആ സെന്റ്ററിന്റ്റെ മാനേജര്‍ സര്‍ ഒരു വന്നിയ്യപ്പനില്‍ നിന്നു അങ്ങേരുടെ ഓഫീസില്‍ പോയി ഇരുന്നു അങ്ങേരെ രണ്ടു മണിക്കൂര്‍ ഖെരാവോ ചെയ്തു വാങ്ങിയിരുന്നു. (ഈ വന്നിയപ്പന്‍ മാഷുടെ നമ്പര്‍ ഒന്നു കിട്ടാന്‍ വേണ്ടി ഞാന്‍ അവിടെ വേസ്റ്റ് ചെയ്തത് ഈ ജന്മം മുഴുവന്‍ പറയാന്‍ എടുത്ത വച്ച ചീത്തയാണ്)

നേരേയാക്കി എന്ന് പറഞ്ഞ കുന്തവും എന്റെ കൈയില്‍ കിട്ടി രണ്ടു ദിവസം കഴിഞ്ഞപ്പോ അന്ചിന്റ്റേ പൈസേടെ ഉപകാരമില്ലാത്ത സാധനമായി മാറി.

വണ്ടി വീണ്ടും ടി നഗറില്‍. ആള്‍ക്കൂട്ടം പതിവു പോലെ തന്നെ ഉണ്ട്, ഇനി എന്തായാലും ആള്‍ക്കൂട്ടത്തില്‍ കാത്തു നിക്കില്ല എന്നുറപ്പിച്ചു, നേരെ വന്നിയപ്പനെ വിളിച്ചു. ഞാന്‍ ഇവിടെ ഉണ്ടെന്നും, ഇത്രേം മാനുഷന്മാര്‍ ഉള്ളത് കൊണ്ടു ഒന്നു തിരുനട തുറന്നു തന്നാല്‍ അകത്തോട്ടു കേറി വരം എന്നും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ അങ്ങേര്‍ വന്നു, സെല്‍ വാങ്ങി, പുതിയത് വേഗം തരാന്‍ ഏര്‍പ്പാടാക്കാം എന്നെല്ലാം പറഞ്ഞു. പക്ഷെ, ഇപ്പൊ ഈ സെല്‍ ഞാന്‍ അവിടെ കൊടുത്തു എന്ന കാര്യത്തിന്നു ജോബ് ഷീറ്റ് തരാന്‍ അങ്ങേര്‍ക്കു വയ്യ. വീണ്ടും ഭീഷണി, കോടതി, ഡാഷ്, ഡാഷ്.

പുതിയ സെല്‍ കിട്ടിയാല്‍ പിന്നെ ഈ പഴയ സാധനത്തിന്റ്റെ ജോബ് ഷീറ്റ് കെട്ടിപിടിച്ചിരുന്നിട്ട് എന്ത് ചെയ്യാനാണ് എന്നാണ് ചേട്ടന്റെ ചോദ്യം. ആ സെല്ലും ഇതേ പോലെ അടിച്ച് പോയാല്‍ ഇനി സര്‍വീസ് സെന്റെറില്‍ വന്നു കളയാന്‍ എനിക്ക് സമയം ആരും ഫ്രീ ആയി തന്നിട്ടൊന്നുമില്ലെന്നും, സോണിടെ സകല സാധനവും വെറും പറ്റീരാണെന്നും കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ തെളിയിക്കാന്‍ എനിക്ക് ജോബ് ഷീറ്റ് കിട്ടിയേ പറ്റൂ എന്ന് ഞാന്‍.

അറ്റ്‌ ലാസ്റ്റ്, അങ്ങേര്‍ തോറ്റു, വളരെ നിസഹായമായ ശബ്ദത്തില്‍ അവിടെ നിക്കുന്ന മെക്കാനിക് പെന്കൊടിയോടു 'ഈ കൊച്ചു പറയുന്ന കാര്യമെല്ലാം ജോബ് ഷീറ്റില്‍ എഴുതി കൊടുക്ക്‌' എന്ന് പറഞ്ഞു അങ്ങേര്‍ അങ്ങേരുടെ മണിയറയിലോട്ട് പോയി.

ജോബ് ഷീറ്റ് എടുത്ത പെന്കൊച്ചു എന്തോ മുന്‍ വൈരാഗ്യം ഉള്ള പോലെ എന്നെ നോക്കി പേടിപ്പിച്ചു, പിന്നെ ഞാന്‍ പറഞ്ഞു കൊടുത്ത പരാതികള്‍ മുഴുവന്‍ എഴുതി. എല്ലാം കഴിഞ്ഞു മൂരി നിവര്‍ത്തിയ അതിനോട് ഞാന്‍ പറഞ്ഞു, 'ഇവിടെ റിപ്പയര്‍ ചെയ്ത ശേഷമാ ഇത്രേം പ്രശ്നം വന്നത് എന്ന് കൂടി ഇതേല്‍ എഴുതണം' . നോക്കാവുന്നതിന്റ്റെ മാക്സിമം വെറുപ്പോടെ എന്നെ നോക്കി ആ ചേച്ചി അതും കൂടി എഴുതി തന്നു.

എന്തായാലും രണ്ടു-മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വന്നിയപ്പന്‍ എനിക്ക് പുതിയ സെല്‍ തന്നു. ഗ്യാരന്ടീ കൂടി പുതുക്കി തരണം, പുതിയ സെല്ലിന് പഴയ ഗ്യരന്ടീ എങ്ങനെ ശരിയാവും എന്നൊക്കെ ചോദിച്ചിട്ടും ആ പണ്ടാരം തന്നില്ല. ഉള്ളതും വാങ്ങിച്ചോണ്ട് ഞാന്‍ തിരിച്ചു വന്നു.

പിന്നെയാ മനസിലായെ, സെല്ലിന് മാത്രമല്ല, ചാര്‍ജറിനും പ്രോബ്സ് ഉണ്ട്. ചാര്‍ജറിന്റെ വില 500 രൂപ. വേറെ ചാര്‍ജര്‍ വാങ്ങണോ അതോ വീണ്ടും വന്നിയപ്പ്നെ കാണണോ എന്നൊക്കെ കണ്‍ഫ്യൂഷന്‍ ആയി കുറെ നാള്‍ ഓഫീസിലെ പെണ്‍കൊടിയുടെ ചര്ജരില്‍ ചാര്‍ജ് ചെയ്തു. ടി- നഗര്‍ വരെ പോകാനുള്ള വിഷമം കൊണ്ടു അറ്റ്‌ ലാസ്റ്റ് ഞാന്‍ 500 മണീസ് മുടക്കി ചാര്‍ജര്‍ വാങ്ങി.

വാല്‍കഷ്ണം: സെല്‍ വാങ്ങുമ്പൊല് കൂടെ കിട്ടുന്ന സ്ഥാവരജംഗമ വസ്തുക്കള്‍ക്ക് 6 മാസമേ ഗ്യരന്ടീ ഉള്ളത്രെ. അപ്പൊ ഞാന്‍ പോയി വന്നിയപ്പന്റെ അപ്പന് വിളിച്ചിരുന്നെലും പ്രതേകിച്ച് ഗുണമൊന്നും ഉണ്ടാകാന്‍ വഴി ഉണ്ടായിരുന്നില്ല.




Monday, December 1, 2008

എന്റെ നമ്പര്‍ എവിടുന്ന് കിട്ടി?


ചുമ്മാ ഇരിക്കുന്ന എന്നെ പിടിച്ചു ചീത്തയാക്കാന്‍ പാകത്തിന് എന്തേലുമൊക്കെ നടക്കും. ആരോടും വഴക്ക് കൂടണ്ട, പ്രശ്നം ഉണ്ടാക്കണ്ട എന്നോക്കെ വിചാരിച്ചു ഇരിക്കുന്ന എന്റെ മണ്ടക്കിട്ട് മേടാന്‍ വഴിയെ പോകന്നവര്‍ കച്ച കെട്ടി ഇറങ്ങും. ഇതിനൊക്കെ ആരാ ഉത്തരവാദി? എന്തായാലും ഞാന്‍ അല്ല.

ഒന്നു-രണ്ടു മാസം മുന്‍പ് ചിക്കന്പോക്സ് പിടിച്ചു വീട്ടില്‍ പോയ എന്റെ സഹമുറിയത്തിയെ ട്രെയിന്‍ കേറ്റി വിട്ടു ഞാന്‍ ഹോസ്റ്റലിലോട്ട് തിരിച്ചു ബസില്‍ വരുമ്പോഴാണ് സംഭവം. (സഹമുറിയത്തിയുടെ ചിക്കന്പോക്സിനു പറയാനും കഥയുണ്ട്. ചെന്നൈ കൊടുംചൂട് കൊണ്ടു വലയുന്ന സമയം, സഹമുറിയത്തി മോയിസ്ചറൈസര്‍ ആണെന്ന് കരുതി ഒരു ലോഷന്‍ എടുത്തു കൈയിലും കാലിലും എല്ലാം പുരട്ടി. രാവിലെ എഴുന്നേറ്റു കൈ കഴുകുമ്പോള്‍, കയ്യില്‍ നിന്നും പത വരുന്നു. എന്താ, ഏതാ, എന്നൊന്നും മൂപ്പത്തിക്കും മനസിലായില്ല. പിന്നെ ഒരാഴ്ച കഴിഞ്ഞു ഷാമ്പൂ ബോട്ടീല്‍ തുറന്നപ്പോള്‍ ഒരു പരിചിത ഗന്ധം. അപ്പോ ഇതാണോ അന്ന് ദേഹത്ത് തേച്ചു പിടിപ്പിച്ചേ?

ഇങ്ങനെ ഒരു സംഭവം റിസൈക്കിള്‍ ബിന്നില്‍ കിടക്കുന്ന കൊണ്ടു, സഹമുറിയത്തിയുടെ ദേഹം മുഴുവന്‍ കുരു കണ്ടപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ഇതു പണ്ടത്തെ പോലെ ആയിരിക്കും. കുളിക്കുന്ന സോപ്പിന്നു പകരം വല്ല വിമ്മോ സണ്‍ലൈറ്റോ തേച്ചു കാണും. അതിന്റെ അലര്ജിയെങാനും ആകും. ചിക്കന്‍പോക്സ് എന്നൊന്നും ഞങ്ങള്‍ ആലോചിച്ചു പോലും ഇല്ല. ബട്ട് സംഭവം അതായിരുന്നു.)

എവുംവിധും രോഗിയെ പായ്ക്ക് ചെയ്തു ഞാന്‍ തിരിച്ചു വരുമ്പോള്‍, അപരിചിത നമ്പറില്‍ നിന്നും ഒരു ഫോണ്കോള്‍. ഇതരാപ്പാ എന്ന് ഒന്നു സംശയിച്ച ശേഷം ഞാന്‍ ഫോണ്‍ എടുത്തു. "ഹലോ"
"ഹലോ"
"ഹല്ലോ, ഇതാരാ?"
"ഞാനാ, ഞാ....................ന്‍" (വിളിച്ചവന്‍ യേശുദാസ് അന്നെന്നോ കരുതിയാണോ എന്തോ, പാട്ടു പാടുന്ന പോലെയാണ് ഞാ........ന്‍ എന്നെല്ലാം നീട്ടിവലിച്ചു പറഞ്ഞത്)

"പേരു പറയൂ. പേരു പറഞ്ഞാല്‍ നമ്മുക്ക് സംസാരിക്കാം"
"എന്റെ പേര്‍, പേര്‍, പേര്‍ tony kurrisinkal. "
No 20 മദ്രാസ് മെയിലില്‍ മോഹന്‍ലാലിന്റെ പേര്‍ ടോണി കുരിശിന്കല്‍ അന്ന് എന്നൊന്നും ഞാന്‍ അപ്പൊ ഓര്‍ത്തില്ല.
"എനിക്ക് ഒരു ടോണിയേയും അറിയില്ല. നിങ്ങള്‍ എന്തിനാ വിളിച്ചേ എന്ന് പറയുക. അല്ലെങ്കില്‍ നമ്മുക്ക് ഈ സംസാരം ഇവിടെ നിര്‍ത്താം"
വിളിച്ച ആള്‍ പിന്നെയും ഏതാണ്ടൊക്കെ ഇംഗ്ലീഷും മലയാളവും മിക്സ് ചെയ്തു പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ കോള്‍ കട്ട് ചെയ്തു.
കിം രക്ഷ.

കട്ട് ചെയ്ത അതേ വേഗത്തില്‍ ചേട്ടന്‍ പിന്നേം വിളിച്ചു.

ഇതെന്തു കുരിശ് എന്ന് കരുതി, ഞാന്‍ ഫോണ്‍ എടുത്തു, ലവന്‍ വീണ്ടും അളിഞ്ഞ വര്‍ത്താനത്തിന്നുള്ള തുടക്കമാണ്. ഇടക്ക് പാട്ടു പാടുന്ന പോലെ എന്തോ പറയുന്നുമുണ്ട്. രണ്ടു-മൂന്ന് വട്ടം ഇതു സംഭവിച്ചു. ദേഷ്യം മൂത്ത് ഞാന്‍ മലയാളത്തില്‍ ഏതാണ്ട് പറഞ്ഞപ്പോ "തള്ളെ, ഇതിപ്പോ എവിടെന്ന മലയാളം" ഇവനോടൊക്കെ എന്ത് പറയാനാ, ഞാന്‍ വീണ്ടും ഫോണ്‍ കട്ട് ചെയ്തു. പിന്നെ വന്ന രണ്ടു-മൂന്ന് കാള്‍ ഞാന്‍ എടുത്തില്ല.

ബട്ട്, അവന് നിര്‍ത്താന്‍ ഭാവമേയില്ല. അടുത്ത കാള്‍ ഞാന്‍ എടുത്തു, എന്നിട്ട് പറഞ്ഞു "ഇനിയും എന്നെ വിളിച്ചാല്‍ ഞാന്‍ ..." മുഴുമിപ്പിക്കേന്ടി വന്നില്ല, ബാക്കി ശ്രീമാന്‍ ടോണിച്ചേട്ടന്‍ പറഞ്ഞു "പോലീസില്‍ complaint ചെയ്യുമോ?"

അത് അഹങ്കാരം. അതെന്താ ഞാന്‍ complaint ചെയ്താല്‍ കൊള്ളുലേ? നാടകം തുടരുകയായിരുന്നു. അവന്‍ വിളിക്കും, ഞാന്‍ ചിലപ്പോള്‍ എടുക്കും, ബട്ട് ഒന്നും മിണ്ടൂല. ചില കോള്‍സ് കട്ട് ചെയ്യും. ഒരു അര മണിക്കൂര്‍ നേരം കൊണ്ടു അവന്‍ എന്നെ ഒരു പത്തു-പതിനേഴു വട്ടം വിളിച്ചു.

അത്യാവശ്യം അശ്ലീല ചുവയുള്ള കോള്‍സ് വരുന്നതു എത്ര നേരം സഹിക്കാന്‍ പറ്റും. തല വര്‍ക്ക് ചെയ്യാന്‍ വളരെ അധികം ആവശ്യമായ കാപ്പി കുടിച്ചു ഭാവിപരിപാടികള്‍ തീരുമാനിക്കാം, എന്ന് തീരുമാനമായി.
എന്റെ സ്ഥിരം അന്നദാതാവായ Eat N Drink എന്ന കുഞ്ഞു റസ്റ്ററന്റ്റില്‍ ചെന്നു ഒരു കാപ്പി പറഞ്ഞു. രണ്ടു വെള്ളപ്പേപ്പറും വാങ്ങി വെച്ചു.
കംപ്ലൈന്റ്റ് കൊടുക്കണോ, വേണ്ടയോ, കൊടുക്കണോ, വേണ്ടയോ.
സമയം രാത്രി 8.30 കഴിഞ്ഞു. ഈ നേരത്ത് ഇനി പോലീസ് സ്റ്റേഷന്‍ തപ്പിപോണോ വേണ്ടയോ. കാപ്പി വന്ന നേരം കൊണ്ടു ഞാന്‍ കംപ്ലൈന്റ്റ് എഴുതി വെച്ചു.
കാപ്പി കുടിച്ചപ്പോ തല വര്‍ക്ഔട്ട് ആയി.
കംപ്ലൈന്റ്റ് കൊടുക്കാം. DMS (എന്റെ ഹോസ്റ്റല്‍ ഇരിക്കുന്ന സ്ഥലം അടുത്ത് തന്നെ പോലീസ് സ്റ്റേഷന്‍ ഉണ്ട്. തേനാംപേട്ട് സ്റ്റേഷന്‍. നേരെ അങ്ങോട്ട് വെച്ചു പിടിച്ചു. ഇത്തിരി പേടി ഉണ്ടായിരുന്നു, പിന്നെ രണ്ടും കല്പിച്ചു ഞാന്‍ അങ്ങ് കേറിചെന്നു.
അപ്പോ അവിടെ കാക്കിക്കുള്ളിലെ മാലാഘയെ പോലെ ഒരു സുന്ദരികൊച്ച് ഇരിക്കുന്നു. ഞാന്‍ വള്ളി-പുള്ളി വിടാതെ കാര്യം പറഞ്ഞു,.
അപ്പോ എന്നോട് ചോദിക്കായാണ്, "പഠിക്കയാണോ?"
കേട്ടപ്പോ സന്തോഷം തോന്നിയെന്കിലും ഞാന്‍ പറഞ്ഞു, "അല്ല വര്‍ക്ക് ചെയ്യാണ്"
വര്‍ക്ക് ചെയുന്ന പത്രത്തിന്റെ പേരു പറഞ്ഞപ്പോ പെണ്‍പോലിസിനു ചെറിയൊരു ബഹുമാനം പോലെ.
ഗുണം പത്രത്തിന്റെ പേരിന്റെ ആണെന്ന് മനസിലായെന്കിലും ഞാനും ഗമ വിടാനൊന്നും പോയില്ല.
അത്ര നേരം സാദാ കോണ്സ്റ്റബിളിനേ കൊണ്ടു എന്റെ കേസുകെട്ട്‌ handle ചെയ്യാം എന്ന് കരുതിയ കാക്കിചേച്ചി എന്റെ പരാതി വേഗം ഉന്നതങ്ങളില്‍ എത്തിച്ചു.

ഉന്നതങ്ങളില്‍ എത്തിയ പരാതിയില്‍ വേഗം തീര്‍പ്പാകും എന്ന്‍ കരുതി ഞാന്‍ പോലീസ് മാമ്മന്‍ ചോദിച്ച കാര്യത്തിനെല്ലാം മണി മണിയായി ഉത്തരം കൊടുത്തു വേഗം ഹോസ്റ്റലിലോട്ട് പോയി. അല്ലേലും ഈ പോലീസ് സ്റ്റേഷനില്‍ എങ്ങാന്നാ കുറെ നേരം ഇരിക്കുന്നെ.

ഹോസ്റ്റലില്‍ എത്തി, ദാ പിന്നേം വിളിക്കുന്നു ചെക്കന്‍.

കുരിശ്, അപ്പൊ മാമ്മന്‍ വിളിച്ചില്ലേ അവനെ.

ഞാന്‍ വളരെ മാന്യമായി പറഞ്ഞു, "സുഹൃത്തേ, ഞാന്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്. അപ്പോ ഇനി വിളിക്കേണ്ടവര്‍ താങ്ങളെ വിളിച്ചു സംസാരിച്ചോളും" ലവന്നു കുലുക്കമോന്നും ഇല്ല. അവന്‍ പിന്നേം എന്തൊക്കെയോ പുലമ്പുന്നു. സഹികെട്ട് ഞാന്‍ ചോദിച്ചു "തനികെന്താ വേണ്ടത്?"

"അതൊക്കെ ഇപ്പൊ ഞാന്‍ എങ്ങനെയാ പറയ" എന്റെ കാലിലെ പെരുവിരല്‍ മുതല്‍ നെറുകുംതല വരെ ബ്ലഡ്‌ പമ്പ്‌ ചെയ്തു കേറുന്നത് ഞാന്‍ വേഗം അറിഞ്ഞു. കോള്‍ വീണ്ടും കട്ട്.

പിന്നെ സഹോദരന്‍ സഹദേവന്‍ വിളിക്കുന്നത് അര മണിക്കൂര്‍ കഴിഞ്ഞ്. വെള്ളമെല്ലാം ഇറങ്ങി ലേശം വെളിവ് വെച്ച പോലെയാ ഇത്തവണ ചേട്ടന്‍ സംസാരിച്ചേ. അപ്പൊ ഞാന്‍ കരുതി പോലീസ് മാമ്മന്‍, ചേട്ടനെ വിളിച്ചു, അതോണ്ടാ ഇപ്പൊ ഈ മര്യാദ ലെവില്‍ ഉള്ള സംസാരം.

മാത്രമല്ല, ഒരു പള്ളിലച്ചന്‍ സ്റ്റൈലില്‍ എനിക്ക് ഫ്രീ ആയി കുറെ ഉപദേശവും തരുന്നു.

"ഇങ്ങനെ അനോണി കോള്‍സ് വരുമ്പോള്‍, ഗേള്‍സ് അതില്‍ നിന്നു ഫിഷ് ഔട്ട് ചെയ്യാന്‍ പഠിക്കയാണ് വേണ്ടത്. അല്ലാതെ ഓടി പോയി പരാതി കൊടുക്കയല്ല. കോള്‍സ് എടുക്കണ്ട, avoid ചെയ്താല്‍ തീരുന്ന പ്രശ്നം അല്ലെ ഉള്ളു..." എന്നെല്ലാം ചേട്ടന്‍ വെച്ചു പിടിക്കയാണ്‌.

ഇതൊരു മാതിരി, ആടിനെ പട്ടിയാക്കുന്ന സ്റ്റൈല്‍ ആയല്ലോ. എന്തായാലും എനിക്ക് ഗോള്‍ അടിക്കാന്‍ എല്ലാ വകുപ്പും ഉള്ളത് കൊണ്ടു ഞാന്‍ ഗോള്‍ അടിച്ചൂ, ഗോള്‍ പോസ്റ്റ് തൂത്ത് വാരി, എന്നും പറയാം.

"എന്റെ സെല്ലില്‍ വരു‌ന്ന കോള്‍സ് കൈകാര്യം ചെയ്യാന്‍ എനിക്ക് അറിയാം, അതിന്നു ആരും എന്നെ സഹായിക്കണ്ട കാര്യം ഇല്ല. എനിക്ക് അനോണിയായി വന്നു തെറി പറഞ്ഞാല്‍, പോലീസ് സ്ടേഷനില് പോണോ, സൈബര്‍ സെല്ലില്‍ പോണോ എന്നൊക്കെ ഞാന്‍ തീരുമാനിക്കും..."

ആകെ ജഗപോക, ഞാന്‍ ഫോണ്‍ വെച്ചു, പിന്നെ അച്ചായന്‍ വിളിച്ചില്ല.

പിറ്റേന്ന്, എന്റെ ഓഫ് ഡേ. താംബരത്ത്‌ എന്റെ പഴയ സഹമുറിയത്തി ചിന്നുവും ഭര്‍ത്താവും സസുഖം വാഴുന്നു. അവിടെ ചെന്നു അവരുടെ സമാധാനം കളയാം എന്ന് കരുതി ഞാന്‍ പോയി.

ചെന്നപ്പോ ചിന്നു ചിക്കന്‍ ബിരിയാണി ഒക്കെ വെച്ചു തന്നു എന്നെ സ്നേഹിച്ചു കൊന്നു. അങ്ങനെ ഞങ്ങള്‍ കോഴിക്കാലില്‍ സ്നേഹം പങ്കു വെച്ചു കൊണ്ടിരിക്കുമ്പോ എന്നെ SI മാമ്മന്‍ വിളിച്ചു. എന്നിട്ട്, ടോണി കുരിശിങ്കല്‍ എന്ന പേരില്‍ വിളിച്ചവന്റെ 5 തലമുറ വരെയുള്ള ഫുള്‍ detailsഉം തന്നു. (5 ഒന്നും തന്നില്ല, പിന്നെ ഒരു പഞ്ചിന്നു പറഞ്ഞെന്നെ ഉള്ളു).

മൊട്ടേന്നു വിരിഞ്ഞിട്ടില്ലാത്ത പ്രായം, എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷം. ചെന്നൈ അടുത്തൊരു പ്രാന്തപ്രദേശത്തില്‍ ഉള്ള കോളേജില്‍ പഠിക്കുന്നു. അങ്ങനെ അവന്റെ പേരും നാളും എല്ലാം സി ഐ മാമ്മന്‍ മണി മണിയായി പറഞ്ഞു തന്നു.

സ്റ്റേഷനില്‍ 5 മണിക്ക് വന്നാല്‍, വോട്ടവകാശം കിട്ടും മുന്‍പ് അശ്ലീലം പറയാന്‍ തുടങ്ങിയ മഹാന്മാരെ കാണാം എന്നും പറഞ്ഞു. വരാം, കാണാം, എന്നൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ ഒരു കണ്‍ഫ്യൂഷന്‍. എന്നെ കണ്ടാല്‍, ഞാന്‍ ആരാണ് എന്ന് മനസിലായാല്‍, ലവന്മാര്‍ എന്നെ വണ്ടിയിടിച്ചു കൊന്നാലോ?നോ, പാടില്ല, കാലാകാലം ജീവിക്കാനുള്ള ആഗ്രഹം ഈ പൊടിപിള്ളേരായി തിര്‍ത്ത് തന്നാല്‍ പോയില്ലേ മാനം.

സൊ, മാമനെ വിളിച്ചു ഞാന്‍ പറഞ്ഞു, ഇപ്പൊ ഞാന്‍ താംബരതാണ്. എങ്ങനേം ഒരു മണിക്കൂര്‍ എടുക്കും, ഞാന്‍ അവിടെ ലാന്‍ഡ്‌ ചെയ്യാന്‍. സൊ അവരെ warn ചെയ്തു വിട്ടേക്ക്.. (വിശാലമനസ്ക)

അന്ന് രാത്രി ഒരു 9 മണിയായപ്പോള്‍ ഞാന്‍ വീണ്ടും സ്റ്റേഷനില്‍ പോയി. ഒരു നന്ദിവാക്കു പറയാന്‍.

എന്നെ കണ്ടപ്പോള്‍ പോലീസ് മാമ്മന്‍ വേഗം ഓടിപോയി സെല്‍ എടുത്തോണ്ട് വന്നു പിള്ളേരെ വിളിക്കാന്‍ തുടങ്ങി. അവര്‍ സ്റ്റേഷനില്‍ വന്നില്ലായിരുന്നു.

അവര്‍ ആണേല്‍ മാമന്റെ വിളികള്‍ ഒന്നും എടുക്കുന്നും ഇല്ല. ഒരു പരപ്പ് വിളി കഴിഞ്ഞപ്പോ കാള്‍ എടുത്തു. ബട്ട് അങ്ങേത്തലയ്ക്കല്‍ ഭാവി എന്ജിനിയര്‍മാര്‍ അല്ല, ഒരു വക്കീല്‍.

അപ്പൊ അവര്‍ വക്കീലെനേം കണ്ടോ?എന്തായാലും സംഭവത്തിന് ഒരു ഉഷാറൊക്കെ വന്നത് ഇപ്പഴാ.

വക്കീല്‍, കേസ് കൊടുത്ത ആള്‍, ആരാ? എന്താ? എന്നൊക്കെ ചോദിച്ചു എന്ന് തോന്നുന്നു. എന്തായാലും, എന്റെ പേരും നാളുമൊന്നും പറയാന്‍ പറ്റില്ലെന്നും പരാതി കൊടുത്ത ആള്‍ അത് പിന്‍വലിച്ചാല്‍ കേസ് നിക്കുമെന്നും, അല്ലെങ്കില്‍ സ്ഥിരം പോലീസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും ഫോണിലൂടെ പറയ്യുന്നത് ഞാന്‍ കേട്ടു.

അവസാനം SI ചോദിച്ചു, ഇനി എന്താ പരിപാടി? എന്താ വേണ്ടേ വേണ്ടേ എന്നാലോചിച്ചു, അവസാനം ഞാന്‍ പറഞ്ഞു, ഞാന്‍ കേസ് പിന്‍വലിക്കയാണ്.

ആലോചിച്ചപ്പോ തോന്നി, അതാ നല്ലതെന്ന്, കേസും, കൂട്ടവും, ഒക്കെയായി നടന്നു എന്തിന്ന വെറുതെ പിള്ളേരുടെ ജീവിതം കളയുന്നെ?അങ്ങനെ കേസ് ക്ലോസ് ചെയ്തു ഞാന്‍ സ്വസ്ഥം, സമാധാനമായി തിരിച്ചെത്തി.

രണ്ടു-മൂന്ന് ദിവസം കഴിഞ്ഞു കാണും, അതാ SI എന്നെ വിളിക്കുന്നു. ആ പിള്ളേര്‍ സ്റ്റേഷനില്‍ ‍ വന്നു പോലും. പയ്യന്‍ സെക്കന്റ് ഹാന്‍ഡ് മൊബൈല് വാങ്ങിയപ്പോള്‍ അതില്‍ ഈ നമ്പര്‍ ഉണ്ടായിരുന്നു, എന്റെ പേരും, വിളിച്ച മഹാന്റെ കസിന്‍ കൊച്ചിന്റെ പേരും ഒന്നാണ്. അത് കൊണ്ടന്നു വിളിച്ചത് എന്നെല്ലാം പോലീസിനോട് പറഞ്ഞു.

അപ്പോള്‍ സ്വാഭാവികമായും എനിക്ക് തോന്നിയ സംശയം "ഇവര്‍ കുടുംബമടച്ചു അശ്ലീലം പറയുന്നവര്‍ ആണോ" പിന്നെ, നമ്മളെല്ലാം കസിന്സിനെ വിളിച്ചു അശ്ലീലമല്ലേ പറയുന്നേ.

ബട്ട് അവന് അതിനും ഉത്തരം ഉണ്ടായിരുന്നു. അവനും കസിനും തമ്മില്‍ എന്തോ പേര്‍സണല്‍ പ്രോബ്സ് ഉണ്ട്, അതാ പോലും അങ്ങനെ ഒക്കെ സംഭവിച്ചേ. ലക്ഷണം വെച്ചു നോക്കുമ്പോള്‍, പോലീസ് ഇതെല്ലാം വിശ്വസിച്ച മട്ടാണ്. ഇതെല്ലാം വിശ്വസിക്കാന്‍ എന്റെ തലയില്‍ എന്താ കളിമണ്ണോ?എന്തായാലും കേസ് ക്ലോസ് ചെയ്തു, ഇനിയിപ്പോ എന്തേലും ആകട്ടെ എന്ന് ഞാനും കരുതി.

എന്നാലും ഒരു സംശയം എന്റെ നമ്പര്‍ അവര്ക്കു എങ്ങനെ കിട്ടി? പെണ്‍കുട്ടികള്‍ക്ക് മിസ്കോള്‍ അടിക്കുന്നവര്‍ക്കും, വിളിക്കുന്നവര്‍ക്കും നമ്പര്‍ എവിടുന്ന് കിട്ടുന്നു?