Sunday, February 1, 2009

ഒരു ചോദ്യം, ഒരു ഉത്തരം

കുണ്ടുണി മാരാര് ചെണ്ടയെടുത്തു
ചെണ്ടതന്‍ മണ്ടക്ക് രണ്ടു കൊടുത്തു
ടിണ്ടകം, ടിണ്ടകം, ചെണ്ട കരഞ്ഞു
മണ്ടന്റെ മാതിരി ചെണ്ട പിടഞ്ഞു
ചെണ്ടയ്ക്ക് നിത്യവും മണ്ടക്ക് കൊട്ട്
കുണ്ടുണ്ണി മാരാര്ക്ക് നോട്ടിന്റെ കെട്ട്
ഈ പദ്യം ഞാന്‍ യു.കെ.ജി യില്‍ പഠിക്കുമ്പോ പഠിച്ചതാ. പക്ഷെ, ഇടക്കാലത്ത് മറന്നു പോയി, അപ്പൊ മൂത്ത പാറു ഓര്‍മിപിച്ചു, പിന്നെ ഇതു വരെ മറന്നില്ല.
ഇതേ പോലെ മറക്കാത്ത ഒരെണ്ണം,
Good night, Sweet dreams
Wake up bright, in the morning light
To do what is right, with all its might
ഇതും പഠിച്ചത് യു.കെ.ജിയില്‍ തന്നെയാണെന്ന് മൂത്ത പാറു പറയുന്നു.
ഇത്ര കാലം പഠിച്ചിട്ടും ഓര്‍മയുള്ള കവിതകള്‍ ഇതൊക്കെ തന്നെയാണ്. പിന്നെ ഒന്നും പഠിക്കാത്ത കൊണ്ടല്ലേ എന്നോ, എങ്ങനെ മനസ്സിലായി, എന്നെ നേരത്തെ അറിയാമോ?
പിന്നെ നടന്ന അതിഭയങ്കരമായ കാര്യം എന്താന്ന് വെച്ചാല്‍, സുഗതകുമാരിടെ രാത്രിമഴ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ (അല്ലേല്‍ അതിനും മുന്പേ) പഠിച്ചിരുന്നു. അതിന്റെ ക്രെടിറ്റും മൂത്ത പാറൂന് തന്നെയാ. അപ്പൊ, മൂ.പാ പത്താം ക്ലാസ്സില്‍ പഠിക്കയാ. ചേച്ചി ഈ കവിത ചൊല്ലുന്ന കേട്ട്, കേട്ട് ഞാന്‍ അത് അബദ്ധത്തില്‍ പഠിച്ചു പോയി.
എന്തായാലും അത് വേസ്റ്റ് ആയില്ല. ഞാന്‍ പത്തില്‍ എത്തിയപ്പോഴും മലയാളം പുസ്തകം മാറിയില്ല. (ഇടക്ക് മാറിയെന്നും, പിന്നെ വീണ്ടും റോട്ടേറ്റ് ചെയ്തു ഈ പുസ്തകം വന്നതാണെന്നും പിന്നെയാരോ പറഞ്ഞു. )
അതെ പോലെ, കുഞ്ഞു മനസ്സില്‍ അര്ത്ഥമറിയാതെ കേറിയ വേറെ ഒരു കവിത
കാന്താ, കഴുത്തു നീട്ടുന്നു ഞാന്‍ താലിയാല്‍
ലെന്നെ ബന്ധിച്ചു കൊള്‍ക
സ്ത്രീത്വം പുതപിച്ചു വെയ്ക്കാമിനിയെന്റെ
നാഥാ തരൂ മന്ത്രകോടി
തേര് തെളിക്കുക്ക നിന്‍
രഥച്ചക്രത്തിലെന്‍ വിരല്‍ ആണിയാക്കീടാം
അന്തിയില്‍ നിന്റെ വിഴുപ്പുകളത്രയും
എന്തിനൊ വേണ്ടി ചുമക്കാം
പിന്നെ, ഞാന്‍ നിന്റെ കിടാങ്ങളെ പാലൂട്ടി
നിന്നോളമാക്കി വളര്‍ത്താം......
ഇത്രയും വരികളെ എനിക്ക് ഓര്‍മയുള്ളൂ. ഇപ്പഴും എന്റെ വാദം, 92-94 കലഘട്ടത്തില്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വന്നതാണ് ഈ കവിത എന്നാണ്. അപ്പൊ ഞാന്‍ വെറും എല്‍.പി വിദ്യാര്‍ത്ഥിനി.
ഇതും ഓര്‍മ വയ്ക്കാന്‍ കാരണം മൂത്തപാറു ആണെന്ന് പറഞ്ഞു, വീണ്ടും, വീണ്ടും, ക്രെടിറ്റുകല്‍ കൊടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പഴും പാറു എന്ന എനിക്കും, മൂത്ത പാറുവിനും ഇതാര്‍ എഴുതി എന്ന കാര്യത്തില്‍ മാത്രം നോ ക്ലൂ.
ബാലപംക്തിയില്‍ വന്നതാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍കുമ്പോള്‍, മൂത്ത പാറു, ഏതോ പ്രമുഘനായ ആളാണിതെഴുതിയതെന്ന് ആണയിടുന്നു. ആര്‍ക്കെന്കിലും അറിയുമെങ്കില്‍ പറയൂ, ഈ കവിത മുഴുവന്‍ അറിയാമെന്കില്‍ അതും പറഞ്ഞു തരൂ.

1 comment:

മുസാഫിര്‍ said...

എഴുത്ത് രസകരം.മൂത്ത പാറുവും മൂക്കാത്ത പാറുവും കൊള്ളാ‍മല്ലോ.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ നന്ന്.
pramukhar = പ്രമുഖര്‍
:)