ചുമ്മാ ഇരിക്കുന്ന എന്നെ പിടിച്ചു ചീത്തയാക്കാന്‍ പാകത്തിന് എന്തേലുമൊക്കെ നടക്കും. ആരോടും വഴക്ക് കൂടണ്ട, പ്രശ്നം ഉണ്ടാക്കണ്ട എന്നോക്കെ വിചാരിച്ചു ഇരിക്കുന്ന എന്റെ മണ്ടക്കിട്ട് മേടാന്‍ വഴിയെ പോകന്നവര്‍ കച്ച കെട്ടി ഇറങ്ങും. ഇതിനൊക്കെ ആരാ ഉത്തരവാദി? എന്തായാലും ഞാന്‍ അല്ല.
ഒന്നു-രണ്ടു മാസം മുന്‍പ് ചിക്കന്പോക്സ് പിടിച്ചു വീട്ടില്‍ പോയ എന്റെ സഹമുറിയത്തിയെ ട്രെയിന്‍ കേറ്റി വിട്ടു ഞാന്‍ ഹോസ്റ്റലിലോട്ട് തിരിച്ചു ബസില്‍ വരുമ്പോഴാണ് സംഭവം. (സഹമുറിയത്തിയുടെ ചിക്കന്പോക്സിനു പറയാനും കഥയുണ്ട്. ചെന്നൈ കൊടുംചൂട് കൊണ്ടു വലയുന്ന സമയം, സഹമുറിയത്തി മോയിസ്ചറൈസര്‍ ആണെന്ന് കരുതി ഒരു ലോഷന്‍ എടുത്തു കൈയിലും കാലിലും എല്ലാം പുരട്ടി. രാവിലെ എഴുന്നേറ്റു കൈ കഴുകുമ്പോള്‍, കയ്യില്‍ നിന്നും പത വരുന്നു. എന്താ, ഏതാ, എന്നൊന്നും മൂപ്പത്തിക്കും മനസിലായില്ല. പിന്നെ ഒരാഴ്ച കഴിഞ്ഞു ഷാമ്പൂ ബോട്ടീല്‍ തുറന്നപ്പോള്‍ ഒരു പരിചിത ഗന്ധം. അപ്പോ ഇതാണോ അന്ന് ദേഹത്ത് തേച്ചു പിടിപ്പിച്ചേ?
ഇങ്ങനെ ഒരു സംഭവം റിസൈക്കിള്‍ ബിന്നില്‍ കിടക്കുന്ന കൊണ്ടു, സഹമുറിയത്തിയുടെ ദേഹം മുഴുവന്‍ കുരു കണ്ടപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ഇതു പണ്ടത്തെ പോലെ ആയിരിക്കും. കുളിക്കുന്ന സോപ്പിന്നു പകരം വല്ല വിമ്മോ സണ്‍ലൈറ്റോ തേച്ചു കാണും. അതിന്റെ അലര്ജിയെങാനും ആകും. ചിക്കന്‍പോക്സ് എന്നൊന്നും ഞങ്ങള്‍ ആലോചിച്ചു പോലും ഇല്ല. ബട്ട് സംഭവം അതായിരുന്നു.)
എവുംവിധും രോഗിയെ പായ്ക്ക് ചെയ്തു ഞാന്‍ തിരിച്ചു വരുമ്പോള്‍, അപരിചിത നമ്പറില്‍ നിന്നും ഒരു ഫോണ്കോള്‍. ഇതരാപ്പാ എന്ന് ഒന്നു സംശയിച്ച ശേഷം ഞാന്‍ ഫോണ്‍ എടുത്തു. "ഹലോ"
"ഹലോ"
"ഹല്ലോ, ഇതാരാ?"
"ഞാനാ, ഞാ....................ന്‍" (വിളിച്ചവന്‍ യേശുദാസ് അന്നെന്നോ കരുതിയാണോ എന്തോ, പാട്ടു പാടുന്ന പോലെയാണ് ഞാ........ന്‍ എന്നെല്ലാം നീട്ടിവലിച്ചു പറഞ്ഞത്)
"പേരു പറയൂ. പേരു പറഞ്ഞാല്‍ നമ്മുക്ക് സംസാരിക്കാം"
"എന്റെ പേര്‍, പേര്‍, പേര്‍ tony kurrisinkal. "
No 20 മദ്രാസ് മെയിലില്‍ മോഹന്‍ലാലിന്റെ പേര്‍ ടോണി കുരിശിന്കല്‍ അന്ന് എന്നൊന്നും ഞാന്‍ അപ്പൊ ഓര്‍ത്തില്ല.
"എനിക്ക് ഒരു ടോണിയേയും അറിയില്ല. നിങ്ങള്‍ എന്തിനാ വിളിച്ചേ എന്ന് പറയുക. അല്ലെങ്കില്‍ നമ്മുക്ക് ഈ സംസാരം ഇവിടെ നിര്‍ത്താം"
വിളിച്ച ആള്‍ പിന്നെയും ഏതാണ്ടൊക്കെ ഇംഗ്ലീഷും മലയാളവും മിക്സ് ചെയ്തു പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ കോള്‍ കട്ട് ചെയ്തു.
കിം രക്ഷ.
കട്ട് ചെയ്ത അതേ വേഗത്തില്‍ ചേട്ടന്‍ പിന്നേം വിളിച്ചു.
ഇതെന്തു കുരിശ് എന്ന് കരുതി, ഞാന്‍ ഫോണ്‍ എടുത്തു, ലവന്‍ വീണ്ടും അളിഞ്ഞ വര്‍ത്താനത്തിന്നുള്ള തുടക്കമാണ്. ഇടക്ക് പാട്ടു പാടുന്ന പോലെ എന്തോ പറയുന്നുമുണ്ട്. രണ്ടു-മൂന്ന് വട്ടം ഇതു സംഭവിച്ചു. ദേഷ്യം മൂത്ത് ഞാന്‍ മലയാളത്തില്‍ ഏതാണ്ട് പറഞ്ഞപ്പോ "തള്ളെ, ഇതിപ്പോ എവിടെന്ന മലയാളം" ഇവനോടൊക്കെ എന്ത് പറയാനാ, ഞാന്‍ വീണ്ടും ഫോണ്‍ കട്ട് ചെയ്തു. പിന്നെ വന്ന രണ്ടു-മൂന്ന് കാള്‍ ഞാന്‍ എടുത്തില്ല.
ബട്ട്, അവന് നിര്‍ത്താന്‍ ഭാവമേയില്ല. അടുത്ത കാള്‍ ഞാന്‍ എടുത്തു, എന്നിട്ട് പറഞ്ഞു "ഇനിയും എന്നെ വിളിച്ചാല്‍ ഞാന്‍ ..." മുഴുമിപ്പിക്കേന്ടി വന്നില്ല, ബാക്കി ശ്രീമാന്‍ ടോണിച്ചേട്ടന്‍ പറഞ്ഞു "പോലീസില്‍ complaint ചെയ്യുമോ?"
അത് അഹങ്കാരം. അതെന്താ ഞാന്‍ complaint ചെയ്താല്‍ കൊള്ളുലേ? നാടകം തുടരുകയായിരുന്നു. അവന്‍ വിളിക്കും, ഞാന്‍ ചിലപ്പോള്‍ എടുക്കും, ബട്ട് ഒന്നും മിണ്ടൂല. ചില കോള്‍സ് കട്ട് ചെയ്യും. ഒരു അര മണിക്കൂര്‍ നേരം കൊണ്ടു അവന്‍ എന്നെ ഒരു പത്തു-പതിനേഴു വട്ടം വിളിച്ചു.
അത്യാവശ്യം അശ്ലീല ചുവയുള്ള കോള്‍സ് വരുന്നതു എത്ര നേരം സഹിക്കാന്‍ പറ്റും. തല വര്‍ക്ക് ചെയ്യാന്‍ വളരെ അധികം ആവശ്യമായ കാപ്പി കുടിച്ചു ഭാവിപരിപാടികള്‍ തീരുമാനിക്കാം, എന്ന് തീരുമാനമായി.
എന്റെ സ്ഥിരം അന്നദാതാവായ Eat N Drink എന്ന കുഞ്ഞു റസ്റ്ററന്റ്റില്‍ ചെന്നു ഒരു കാപ്പി പറഞ്ഞു. രണ്ടു വെള്ളപ്പേപ്പറും വാങ്ങി വെച്ചു.
കംപ്ലൈന്റ്റ് കൊടുക്കണോ, വേണ്ടയോ, കൊടുക്കണോ, വേണ്ടയോ.
സമയം രാത്രി 8.30 കഴിഞ്ഞു. ഈ നേരത്ത് ഇനി പോലീസ് സ്റ്റേഷന്‍ തപ്പിപോണോ വേണ്ടയോ. കാപ്പി വന്ന നേരം കൊണ്ടു ഞാന്‍ കംപ്ലൈന്റ്റ് എഴുതി വെച്ചു.
കാപ്പി കുടിച്ചപ്പോ തല വര്‍ക്ഔട്ട് ആയി.
കംപ്ലൈന്റ്റ് കൊടുക്കാം. DMS (എന്റെ ഹോസ്റ്റല്‍ ഇരിക്കുന്ന സ്ഥലം അടുത്ത് തന്നെ പോലീസ് സ്റ്റേഷന്‍ ഉണ്ട്. തേനാംപേട്ട് സ്റ്റേഷന്‍. നേരെ അങ്ങോട്ട് വെച്ചു പിടിച്ചു. ഇത്തിരി പേടി ഉണ്ടായിരുന്നു, പിന്നെ രണ്ടും കല്പിച്ചു ഞാന്‍ അങ്ങ് കേറിചെന്നു.
അപ്പോ അവിടെ കാക്കിക്കുള്ളിലെ മാലാഘയെ പോലെ ഒരു സുന്ദരികൊച്ച് ഇരിക്കുന്നു. ഞാന്‍ വള്ളി-പുള്ളി വിടാതെ കാര്യം പറഞ്ഞു,.
അപ്പോ എന്നോട് ചോദിക്കായാണ്, "പഠിക്കയാണോ?"
കേട്ടപ്പോ സന്തോഷം തോന്നിയെന്കിലും ഞാന്‍ പറഞ്ഞു, "അല്ല വര്‍ക്ക് ചെയ്യാണ്"
വര്‍ക്ക് ചെയുന്ന പത്രത്തിന്റെ പേരു പറഞ്ഞപ്പോ പെണ്‍പോലിസിനു ചെറിയൊരു ബഹുമാനം പോലെ.
ഗുണം പത്രത്തിന്റെ പേരിന്റെ ആണെന്ന് മനസിലായെന്കിലും ഞാനും ഗമ വിടാനൊന്നും പോയില്ല.
അത്ര നേരം സാദാ കോണ്സ്റ്റബിളിനേ കൊണ്ടു എന്റെ കേസുകെട്ട് handle ചെയ്യാം എന്ന് കരുതിയ കാക്കിചേച്ചി എന്റെ പരാതി വേഗം ഉന്നതങ്ങളില്‍ എത്തിച്ചു.
ഉന്നതങ്ങളില്‍ എത്തിയ പരാതിയില്‍ വേഗം തീര്‍പ്പാകും എന്ന്‍ കരുതി ഞാന്‍ പോലീസ് മാമ്മന്‍ ചോദിച്ച കാര്യത്തിനെല്ലാം മണി മണിയായി ഉത്തരം കൊടുത്തു വേഗം ഹോസ്റ്റലിലോട്ട് പോയി. അല്ലേലും ഈ പോലീസ് സ്റ്റേഷനില്‍ എങ്ങാന്നാ കുറെ നേരം ഇരിക്കുന്നെ.
ഹോസ്റ്റലില്‍ എത്തി, ദാ പിന്നേം വിളിക്കുന്നു ചെക്കന്‍.
കുരിശ്, അപ്പൊ മാമ്മന്‍ വിളിച്ചില്ലേ അവനെ.
ഞാന്‍ വളരെ മാന്യമായി പറഞ്ഞു, "സുഹൃത്തേ, ഞാന്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്. അപ്പോ ഇനി വിളിക്കേണ്ടവര്‍ താങ്ങളെ വിളിച്ചു സംസാരിച്ചോളും" ലവന്നു കുലുക്കമോന്നും ഇല്ല. അവന്‍ പിന്നേം എന്തൊക്കെയോ പുലമ്പുന്നു. സഹികെട്ട് ഞാന്‍ ചോദിച്ചു "തനികെന്താ വേണ്ടത്?"
"അതൊക്കെ ഇപ്പൊ ഞാന്‍ എങ്ങനെയാ പറയ" എന്റെ കാലിലെ പെരുവിരല്‍ മുതല്‍ നെറുകുംതല വരെ ബ്ലഡ് പമ്പ് ചെയ്തു കേറുന്നത് ഞാന്‍ വേഗം അറിഞ്ഞു. കോള്‍ വീണ്ടും കട്ട്.
പിന്നെ സഹോദരന്‍ സഹദേവന്‍ വിളിക്കുന്നത് അര മണിക്കൂര്‍ കഴിഞ്ഞ്. വെള്ളമെല്ലാം ഇറങ്ങി ലേശം വെളിവ് വെച്ച പോലെയാ ഇത്തവണ ചേട്ടന്‍ സംസാരിച്ചേ. അപ്പൊ ഞാന്‍ കരുതി പോലീസ് മാമ്മന്‍, ചേട്ടനെ വിളിച്ചു, അതോണ്ടാ ഇപ്പൊ ഈ മര്യാദ ലെവില്‍ ഉള്ള സംസാരം.
മാത്രമല്ല, ഒരു പള്ളിലച്ചന്‍ സ്റ്റൈലില്‍ എനിക്ക് ഫ്രീ ആയി കുറെ ഉപദേശവും തരുന്നു.
"ഇങ്ങനെ അനോണി കോള്‍സ് വരുമ്പോള്‍, ഗേള്‍സ് അതില്‍ നിന്നു ഫിഷ് ഔട്ട് ചെയ്യാന്‍ പഠിക്കയാണ് വേണ്ടത്. അല്ലാതെ ഓടി പോയി പരാതി കൊടുക്കയല്ല. കോള്‍സ് എടുക്കണ്ട, avoid ചെയ്താല്‍ തീരുന്ന പ്രശ്നം അല്ലെ ഉള്ളു..." എന്നെല്ലാം ചേട്ടന്‍ വെച്ചു പിടിക്കയാണ്.
ഇതൊരു മാതിരി, ആടിനെ പട്ടിയാക്കുന്ന സ്റ്റൈല്‍ ആയല്ലോ. എന്തായാലും എനിക്ക് ഗോള്‍ അടിക്കാന്‍ എല്ലാ വകുപ്പും ഉള്ളത് കൊണ്ടു ഞാന്‍ ഗോള്‍ അടിച്ചൂ, ഗോള്‍ പോസ്റ്റ് തൂത്ത് വാരി, എന്നും പറയാം.
"എന്റെ സെല്ലില്‍ വരുന്ന കോള്‍സ് കൈകാര്യം ചെയ്യാന്‍ എനിക്ക് അറിയാം, അതിന്നു ആരും എന്നെ സഹായിക്കണ്ട കാര്യം ഇല്ല. എനിക്ക് അനോണിയായി വന്നു തെറി പറഞ്ഞാല്‍, പോലീസ് സ്ടേഷനില് പോണോ, സൈബര്‍ സെല്ലില്‍ പോണോ എന്നൊക്കെ ഞാന്‍ തീരുമാനിക്കും..."
ആകെ ജഗപോക, ഞാന്‍ ഫോണ്‍ വെച്ചു, പിന്നെ അച്ചായന്‍ വിളിച്ചില്ല.
പിറ്റേന്ന്, എന്റെ ഓഫ് ഡേ. താംബരത്ത് എന്റെ പഴയ സഹമുറിയത്തി ചിന്നുവും ഭര്‍ത്താവും സസുഖം വാഴുന്നു. അവിടെ ചെന്നു അവരുടെ സമാധാനം കളയാം എന്ന് കരുതി ഞാന്‍ പോയി.
ചെന്നപ്പോ ചിന്നു ചിക്കന്‍ ബിരിയാണി ഒക്കെ വെച്ചു തന്നു എന്നെ സ്നേഹിച്ചു കൊന്നു. അങ്ങനെ ഞങ്ങള്‍ കോഴിക്കാലില്‍ സ്നേഹം പങ്കു വെച്ചു കൊണ്ടിരിക്കുമ്പോ എന്നെ SI മാമ്മന്‍ വിളിച്ചു. എന്നിട്ട്, ടോണി കുരിശിങ്കല്‍ എന്ന പേരില്‍ വിളിച്ചവന്റെ 5 തലമുറ വരെയുള്ള ഫുള്‍ detailsഉം തന്നു. (5 ഒന്നും തന്നില്ല, പിന്നെ ഒരു പഞ്ചിന്നു പറഞ്ഞെന്നെ ഉള്ളു).
മൊട്ടേന്നു വിരിഞ്ഞിട്ടില്ലാത്ത പ്രായം, എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷം. ചെന്നൈ അടുത്തൊരു പ്രാന്തപ്രദേശത്തില്‍ ഉള്ള കോളേജില്‍ പഠിക്കുന്നു. അങ്ങനെ അവന്റെ പേരും നാളും എല്ലാം സി ഐ മാമ്മന്‍ മണി മണിയായി പറഞ്ഞു തന്നു.സ്റ്റേഷനില്‍ 5 മണിക്ക് വന്നാല്‍, വോട്ടവകാശം കിട്ടും മുന്‍പ് അശ്ലീലം പറയാന്‍ തുടങ്ങിയ മഹാന്മാരെ കാണാം എന്നും പറഞ്ഞു. വരാം, കാണാം, എന്നൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ ഒരു കണ്‍ഫ്യൂഷന്‍. എന്നെ കണ്ടാല്‍, ഞാന്‍ ആരാണ് എന്ന് മനസിലായാല്‍, ലവന്മാര്‍ എന്നെ വണ്ടിയിടിച്ചു കൊന്നാലോ?നോ, പാടില്ല, കാലാകാലം ജീവിക്കാനുള്ള ആഗ്രഹം ഈ പൊടിപിള്ളേരായി തിര്‍ത്ത് തന്നാല്‍ പോയില്ലേ മാനം.
സൊ, മാമനെ വിളിച്ചു ഞാന്‍ പറഞ്ഞു, ഇപ്പൊ ഞാന്‍ താംബരതാണ്. എങ്ങനേം ഒരു മണിക്കൂര്‍ എടുക്കും, ഞാന്‍ അവിടെ ലാന്‍ഡ് ചെയ്യാന്‍. സൊ അവരെ warn ചെയ്തു വിട്ടേക്ക്.. (വിശാലമനസ്ക)
അന്ന് രാത്രി ഒരു 9 മണിയായപ്പോള്‍ ഞാന്‍ വീണ്ടും സ്റ്റേഷനില്‍ പോയി. ഒരു നന്ദിവാക്കു പറയാന്‍.
എന്നെ കണ്ടപ്പോള്‍ പോലീസ് മാമ്മന്‍ വേഗം ഓടിപോയി സെല്‍ എടുത്തോണ്ട് വന്നു പിള്ളേരെ വിളിക്കാന്‍ തുടങ്ങി. അവര്‍ സ്റ്റേഷനില്‍ വന്നില്ലായിരുന്നു.
അവര്‍ ആണേല്‍ മാമന്റെ വിളികള്‍ ഒന്നും എടുക്കുന്നും ഇല്ല. ഒരു പരപ്പ് വിളി കഴിഞ്ഞപ്പോ കാള്‍ എടുത്തു. ബട്ട് അങ്ങേത്തലയ്ക്കല്‍ ഭാവി എന്ജിനിയര്‍മാര്‍ അല്ല, ഒരു വക്കീല്‍.
അപ്പൊ അവര്‍ വക്കീലെനേം കണ്ടോ?എന്തായാലും സംഭവത്തിന് ഒരു ഉഷാറൊക്കെ വന്നത് ഇപ്പഴാ.
വക്കീല്‍, കേസ് കൊടുത്ത ആള്‍, ആരാ? എന്താ? എന്നൊക്കെ ചോദിച്ചു എന്ന് തോന്നുന്നു. എന്തായാലും, എന്റെ പേരും നാളുമൊന്നും പറയാന്‍ പറ്റില്ലെന്നും പരാതി കൊടുത്ത ആള്‍ അത് പിന്‍വലിച്ചാല്‍ കേസ് നിക്കുമെന്നും, അല്ലെങ്കില്‍ സ്ഥിരം പോലീസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും ഫോണിലൂടെ പറയ്യുന്നത് ഞാന്‍ കേട്ടു.
അവസാനം SI ചോദിച്ചു, ഇനി എന്താ പരിപാടി? എന്താ വേണ്ടേ വേണ്ടേ എന്നാലോചിച്ചു, അവസാനം ഞാന്‍ പറഞ്ഞു, ഞാന്‍ കേസ് പിന്‍വലിക്കയാണ്.
ആലോചിച്ചപ്പോ തോന്നി, അതാ നല്ലതെന്ന്, കേസും, കൂട്ടവും, ഒക്കെയായി നടന്നു എന്തിന്ന വെറുതെ പിള്ളേരുടെ ജീവിതം കളയുന്നെ?അങ്ങനെ കേസ് ക്ലോസ് ചെയ്തു ഞാന്‍ സ്വസ്ഥം, സമാധാനമായി തിരിച്ചെത്തി.
രണ്ടു-മൂന്ന് ദിവസം കഴിഞ്ഞു കാണും, അതാ SI എന്നെ വിളിക്കുന്നു. ആ പിള്ളേര്‍ സ്റ്റേഷനില്‍ വന്നു പോലും. പയ്യന്‍ സെക്കന്റ് ഹാന്‍ഡ് മൊബൈല് വാങ്ങിയപ്പോള്‍ അതില്‍ ഈ നമ്പര്‍ ഉണ്ടായിരുന്നു, എന്റെ പേരും, വിളിച്ച മഹാന്റെ കസിന്‍ കൊച്ചിന്റെ പേരും ഒന്നാണ്. അത് കൊണ്ടന്നു വിളിച്ചത് എന്നെല്ലാം പോലീസിനോട് പറഞ്ഞു.
അപ്പോള്‍ സ്വാഭാവികമായും എനിക്ക് തോന്നിയ സംശയം "ഇവര്‍ കുടുംബമടച്ചു അശ്ലീലം പറയുന്നവര്‍ ആണോ" പിന്നെ, നമ്മളെല്ലാം കസിന്സിനെ വിളിച്ചു അശ്ലീലമല്ലേ പറയുന്നേ.
ബട്ട് അവന് അതിനും ഉത്തരം ഉണ്ടായിരുന്നു. അവനും കസിനും തമ്മില്‍ എന്തോ പേര്‍സണല്‍ പ്രോബ്സ് ഉണ്ട്, അതാ പോലും അങ്ങനെ ഒക്കെ സംഭവിച്ചേ. ലക്ഷണം വെച്ചു നോക്കുമ്പോള്‍, പോലീസ് ഇതെല്ലാം വിശ്വസിച്ച മട്ടാണ്. ഇതെല്ലാം വിശ്വസിക്കാന്‍ എന്റെ തലയില്‍ എന്താ കളിമണ്ണോ?എന്തായാലും കേസ് ക്ലോസ് ചെയ്തു, ഇനിയിപ്പോ എന്തേലും ആകട്ടെ എന്ന് ഞാനും കരുതി.
എന്നാലും ഒരു സംശയം എന്റെ നമ്പര്‍ അവര്ക്കു എങ്ങനെ കിട്ടി? പെണ്‍കുട്ടികള്‍ക്ക് മിസ്കോള്‍ അടിക്കുന്നവര്‍ക്കും, വിളിക്കുന്നവര്‍ക്കും നമ്പര്‍ എവിടുന്ന് കിട്ടുന്നു?
3 comments:
ചാത്തനേറ്:ഒരു ബ്ലോഗിലെ തന്നെ ആദ്യകമന്റ് ഇടാന്‍ ആദ്യമായിട്ടാ അവസരം!!!! രാശി ഒന്ന് നോക്കിക്കേ...
സ്വാഗതം. ആ ഫോണ്ട് മാറ്റിയതു നന്നായി ഇതാ വായിക്കാന്‍ സൌകര്യം.
ഒരു കൊച്ച്ത്രേസ്യ ചുവ അടിക്കുന്നുണ്ട്-- എന്ത് ആളെ അറിയില്ലാന്നോ അന്വേഷിപ്പിന്‍ കണ്ടെത്തും
പറയാന്‍ മറന്നു എഴുത്ത് നന്നായിട്ടുണ്ട്
എന്തായാലും ഇതു പോലെയുള്ള ശല്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ തന്നെ ആണ്.
എഴുത്ത് നന്നായിട്ടുണ്ട്.
ee kadhakku purakil ente 40 rupa yude deena rodanam kelkkam....ninakku ormayundo enu eniku ormailla,annu oru chovazhchayayirunnu(chovazhachathane ayirunno???ahh!!)
njan ninne vilichappol oru kadathanaadan stylil ee kadha vivarichathu...paavam ente 40 rupa ethinakam ranabhuvil marichu veenirunnu(means 40mints-kadapaadu:vadaphone,karanam 1re/min)
Post a Comment